ന്യൂഡൽഹി: ബംഗ്ലാദേശിൽ അരക്ഷിതാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ധാക്കയിൽ നിന്ന് എയർ ഇന്ത്യയുടെ ആദ്യ ഫ്‌ളൈറ്റ് സർവീസ് നടത്തി. പ്രത്യേക ചാർട്ടർ വിമാനമാണ് ഡൽഹിയിലെത്തിയത്. വിമാനത്തിലുണ്ടായിരുന്ന 199 യാത്രക്കാരും 6 നവജാതശിശുക്കളും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
” വെല്ലുവിളികൾക്കിടയിലും ധാക്കയിൽ നിന്നും ഡൽഹിയിലേക്ക് എയർ ഇന്ത്യയുടെ ചാർട്ടർ വിമാനം ഇന്നലെ രാത്രി സർവീസ് നടത്തി. ഇന്ന് രാവിലെ യാത്രക്കാർ ഡൽഹിയിൽ സുരക്ഷിതമായി എത്തി. 205 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ 6 നവജാതശിശുക്കളും ഉൾപ്പെടുന്നു. എല്ലാവരും സുരക്ഷിതരാണ്.”- എയർ ഇന്ത്യ വൃത്തങ്ങൾ അറിയിച്ചു.
എയർ ഇന്ത്യയുടെ A321 എന്ന വിമാനമാണ് സർവീസ് നടത്തിയത്. രണ്ട് പ്രതിദിന സർവീസുകളാണ് ധാക്കയിൽ നിന്നും എയർ ഇന്ത്യ ഡൽഹിയിലേക്ക് നടത്തുന്നത്. ഇതിന് പുറമെ വിസ്താരയുടെയും ഇൻഡിഗോയുടെയും വിമാനങ്ങൾ ധാക്കയിൽ നിന്നും ഇന്ത്യയിലേക്ക് സർവീസ് നടത്തും. മുംബൈയിൽ നിന്ന് പ്രതിദിന സർവീസുകളും ഡൽഹിയിൽ നിന്ന് ധാക്കയിലേക്ക് ആഴ്ചയിൽ മൂന്ന് സർവീസുകളുമാണ് വിസ്താര നടത്തുന്നത്. ഡൽഹി, മുബൈ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ധാക്കയിലേക്ക് ഇൻഡിഗോയ്‌ക്കും പ്രതിദിന സർവീസുണ്ട്.















