ബെംഗളൂരു: കടൽക്കുതിരകളുടെ അനധികൃത കച്ചവടം നടത്തുന്ന കള്ളക്കടത്ത് ശൃംഖല ബെംഗളൂരുവിലെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസിന്റെ (ഡിആർഐ) പിടിയിലായി.
ചില രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ, ഡിആർഐ ഉദ്യോഗസ്ഥർ ഈ സിൻഡിക്കേറ്റുമായി ബന്ധമുള്ള മൂന്ന് പേരെ ഓഗസ്റ്റ് 3 ന് കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെർമിനൽ 1 ൽ നിന്ന് പിടികൂടിയിരുന്നു. പ്രതികൾ ഇൻഡിഗോ വിമാനംത്തിൽ മുംബൈ വഴി സിംഗപ്പൂരിലേക്ക് പോകുകയായിരുന്നു, അവരുടെ ബാഗേജ് പരിശോധിച്ചപ്പോൾ 6,626 കടൽക്കുതിരകളുടെ ജഡങ്ങൾ ഉണക്കി സൂക്ഷിച്ചിരിക്കുന്നത് കണ്ടെത്തി.
ഇവരിൽ നിന്നും ലഭിച്ച വിവരങ്ങളെ തുടർന്ന് അടുത്ത ദിവസം, ഓഗസ്റ്റ് 4 ന്, ഉണ്ടായ തുടർനടപടിയിൽ സിംഗപ്പൂരിലേക്കുള്ള കടൽക്കുതിരകളുടെ സംഭരണവും കയറ്റുമതിയും ഏകോപിപ്പിക്കുന്ന പ്രധാന വ്യക്തിയെ ബെംഗളൂരുവിൽ ഡിആർഐ പിടികൂടി. ഇന്ത്യയ്ക്കും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾക്കും ഇടയിൽ പ്രവർത്തിക്കുന്ന വിശാലമായ കള്ളക്കടത്ത് ശൃംഖലയുടെ ഏകോപനത്തിൽ ഇയാൾ പ്രധാന പങ്കുവഹിക്കുന്നു എന്നാണ് നിഗമനം. അയാളുടെ വ്യക്തിപരമായ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല
ഇന്ത്യയിലെ എല്ലാ കടൽക്കുതിരകളെയും 1972-ലെ വന്യജീവി (സംരക്ഷണം) നിയമം ഷെഡ്യൂൾ I പ്രകാരം തരംതിരിച്ചിരിക്കുന്നു, അവയുടെ വിൽപ്പനയും വാങ്ങലും ഏതെങ്കിലും തരത്തിലുള്ള ഉപയോഗവും നിയമവിരുദ്ധവും ശിക്ഷാർഹവുമാണ്. കയറ്റുമതി നയം അനുസരിച്ച്, വന്യമൃഗങ്ങളുടെയും സമുദ്രജീവികളുടെയും അവയുടെ ഭാഗങ്ങളും ഉൽപ്പന്നങ്ങളും ഉൾപ്പെടെയുള്ള കയറ്റുമതി കർശനമായി നിരോധിച്ചിരിക്കുന്നു.
1962ലെ കസ്റ്റംസ് നിയമത്തിലെ വ്യവസ്ഥകളും വന്യജീവി സംരക്ഷണ നിയമവുമനുസരിച്ചാണ് കടൽക്കുതിരകളെ പിടികൂടിയത്. തമിഴ്നാട് സ്വദേശികളായ മൂന്ന് യാത്രക്കാരെ അറസ്റ്റുചെയ്തിട്ടുണ്ട്.
തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ വിപണികളിൽ കടൽക്കുതിരകളുടെ ആവശ്യവും അനധികൃത വ്യാപാരവും ധാരാളമായി നടക്കുന്നുണ്ട്.