പോഷകഹാരങ്ങളാൽ സമ്പന്നമാണ് നട്സ്. ഭക്ഷണത്തിനിടയിലെ വിശപ്പകറ്റുന്നതിനും ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീൻ വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ധാരാളമായി നട്സിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ അമിതമായാൽ അമൃതും വിഷമെന്ന് പറയുന്നത് പോലെ നടസും അധികമായാൾ പണി തരുമെന്ന് തീർച്ച.
വിഷപ്പകറ്റാനായി നട്സ് ഇടയ്‌ക്ക് കഴിക്കുന്നത് അളവിൽ കൂടുതലായാൽ ഗുണങ്ങളെക്കാൾ ദോഷങ്ങളാകും സംഭവിക്കുക. കലോറി കൂടുതലുള്ള ഭക്ഷണമാണ് നട്സ്. അതുകൊണ്ട് തന്നെ നട്സ് അമിതമായി കഴിച്ചാൽ ശരീരഭാരം കൂടും. വയറുവേദന, ഗ്യാസ്ട്രബിൾ, വയറിളക്കം തുടങ്ങിയ ദഹനപ്രശ്നങ്ങളിലേക്കും നയിച്ചേക്കാം.
ബദാം, കശുവണ്ടി തുടങ്ങിയ നട്സുകളിൽ ഓക്‌സലേറ്റുകളും ഫൈറ്റേറ്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ധാതുക്കളുടെ ആഗിരണത്തെ തടസ്സപ്പെടുത്തുകയും കാലക്രമേണ വൃക്കയിലെ കല്ല് രൂപപ്പെടുന്നതിന് കാരണമാകുകയും ചെയ്യും. ഫൈറ്റേറ്റ്സ്, ടാന്നിൻസ് തുടങ്ങിയ സംയുക്തങ്ങൾ പോഷകങ്ങളുടെ ആഗിരണത്തെ തടസ്സപ്പെടുത്തും.
കൊളസ്ട്രോളിന്റെ അളവ് വർദ്ധിക്കുന്നതിനും ഇത് കാരണമാകും. മിതമായ അളവിൽ കഴിക്കുമ്പോൾ മോശം കൊളസ്ട്രോൾ കുറയ്‌ക്കാൻ സഹായിക്കുമെങ്കിൽ അമിതമായാൽ ചീത്ത കൊളസ്ട്രോളിന്റെ അളവ് കൂട്ടും. ഇവയൊക്കെ ശരീരത്തിനേറെ ദോഷം ചെയ്യുമെന്ന് തീർച്ച.
ശരീരത്തിന് ഗുണം ചെയ്യാനായി ഒരു ഔൺസ് അല്ലെങ്കിൽ ഏകദേശം 28 ഗ്രാം നട്സ് പ്രതിദിനം കഴിക്കാമെന്നാണ് വിദഗ്ധർ പറയുന്നത്.