ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിക്രം ചിത്രമാണ് തങ്കലാൻ. സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15 ന് സിനിമ റിലീസ് ചെയ്യും. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ആക്ഷൻ ഡ്രാമയാണ് തങ്കലാൻ. സിനിമയുടെ ഓഡിയോ ലോഞ്ച് ചടങ്ങ് അണിയറപ്രവർത്തകർ കഴിഞ്ഞ ദിവസം നടത്തിയിരുന്നു. തനിക്കുണ്ടായ ചില അനുഭവങ്ങൾ ഈ വേദിയിൽ വച്ച് നടൻ വിക്രം വെളിപ്പെടുത്തുകയും ചെയ്തു. ഇതാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
തന്റെ കരിയറിന്റെ തുടക്കത്തിൽ കാലിന് ഗുരുതരമായി പരിക്കേറ്റതിനെ കുറിച്ചാണ് താരം പറഞ്ഞത്. “ഒരു അപകടത്തിൽ, എന്റെ കാൽ ഒടിഞ്ഞു. ഞാൻ ഇനി നടക്കില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. ഞാൻ 3 വർഷം ആശുപത്രിയിൽ കിടന്നു. 23 ശസ്ത്രക്രിയകൾക്ക് വിധേയനാകേണ്ടി വന്നു”.
“ഒരുപാട് വർഷങ്ങൾ, ഒരുപാട് ശസ്ത്രക്രിയകൾ. സിനിമയോടുള്ള അഭിനിവേശവും ആത്മവിശ്വാസവും കാരണമാണ് ഞാൻ തിരിച്ചുവന്നത്”-വിക്രം പറഞ്ഞു. താരത്തിന്റെ ഈ വാക്കുകൾ തങ്കലാൻ ചിത്രത്തിന്റെ നിർമ്മാതാക്കൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് സിനിമയോടുള്ള വിക്രത്തിന്റെ ഇഷ്ടത്തെ പ്രശംസിച്ച് രംഗത്ത് വന്നത്.















