ശ്രീജേഷിലും ടീമിലും പൂർണ വിശ്വാസമുണ്ടെന്നും വെങ്കല മെഡൽ നേടാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഭാര്യ അനീഷ്യ. പാരിസിൽ നിന്ന് രാജ്യത്തിന്റെ അഭിമാനമായി മടങ്ങി വരാൻ കഴിയട്ടെയെന്നാണ് പ്രാർത്ഥിക്കുന്നതെന്നും വിരമിക്കൽ തീരുമാനം ആലോചിച്ചെടുത്തതാണെന്നും അവർ പറഞ്ഞു. സെമി ഫൈനലിൽ ജർമ്മനിയോട് ഇന്ത്യൻ ടീം തോൽവി വഴങ്ങിയതിന് പിന്നാലെയാണ് പ്രതികരണം.
”വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ ടീമിനെ ഹോക്കി ഫൈനലിൽ കാണാനാകുമെന്നാണ് പ്രതീക്ഷിച്ചത്. സ്വർണ മെഡൽ പ്രതീക്ഷ അവസാനിച്ചെങ്കിലും വെങ്കല മെഡൽ കയ്യെത്തും ദൂരത്തുണ്ട്. ടീമിലും ശ്രീജേഷിലും വിശ്വാസമുണ്ട്. രാജ്യത്തിന് വേണ്ടി വെങ്കലമെഡൽ സ്വന്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന് വേണ്ടിയുള്ള പ്രാർത്ഥനയിലാണ്. 24 വർഷമായി ശ്രീജേഷ് കായിക രംഗത്താണ്. വിരമിക്കൽ പ്രഖ്യാപനം ആലോചിച്ചെടുത്ത തീരുമാനമാണ്. കരിയറിലെ ഏറ്റവും വലിയ ടൂർണമെന്റ് കളിച്ച് വിരമിക്കണമെന്നത് ആഗ്രഹമായിരുന്നു. ഇതിനും വലിയൊരു വേദി കിട്ടാനില്ല.”- അനീഷ്യ പറഞ്ഞു.
ഇന്നലെ നടന്ന സെമി ഫൈനലിൽ ജർമ്മനിയോട് ഇന്ത്യ പൊരുതി തോൽക്കുകയായിരുന്നു. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ തോൽവി. ആദ്യ ക്വാർട്ടറിൽ ലീഡെടുത്ത ഇന്ത്യക്കെതിരെ രണ്ടാം ക്വാർട്ടറിൽ രണ്ട് ഗോൾ തിരിച്ചടിച്ച ജർമ്മനി ലീഡെടുത്തെങ്കിലും മൂന്നാം ക്വാർട്ടറിൽ ഇന്ത്യ സമനില ഗോൾ കണ്ടെത്തി ഒപ്പമെത്തി. എന്നാൽ കളി തീരാൻ ആറ് മിനിറ്റ് ശേഷിക്കെ ലീഡെടുത്ത ജർമ്മനിക്കെതിരെ ഇന്ത്യ അവസാന നിമിഷം വരെ പൊരുതിയെങ്കിലും സമനില ഗോൾ കണ്ടെത്താനായില്ല. ഇന്ന് വൈകിട്ട് 5.30-ന് സ്‌പെയിനിനെതിരെയാണ് ഇന്ത്യയുടെ വെങ്കല മെഡൽ മത്സരം.















