ന്യൂഡൽഹി: 2024-ലെ പാരിസ് ഒളിമ്പിക്സിൽ നിന്ന് അയോഗ്യയാക്കപ്പെട്ട ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ആശ്വാസ വാക്കുകളുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എല്ലാ ഇന്ത്യക്കാരുടെയും അഭിമാനമാണ് വിനേഷ് ഫോഗട്ട് എന്നും ഒരിക്കലും നിരാശപ്പെടരുതെന്നും യോഗി ആദിത്യനാഥ് എക്സിൽ കുറിച്ചു.
“വിനേഷ് ഫോഗട്ട്, നിങ്ങൾ ഇന്ത്യക്കാരുടെ ചാമ്പ്യനാണ്. ഇന്ത്യക്കാരുടെ വിജയി നിങ്ങളാണ്. ഓരോ ഇന്ത്യക്കാരനും നിങ്ങൾ അഭിമാനമാണ്. ഒരിക്കലും നിരാശപ്പെടരുത്. പാരിസ് ഒളിമ്പിക്സിൽ നിങ്ങൾ കാഴ്ചവച്ച പ്രകടനം ഇന്ത്യയെ പ്രകാശപൂരിതമാക്കി. കൂടുതൽ ശക്തയായി നിങ്ങൾ തിരിച്ചുവരുമെന്ന് ഉറപ്പാണ്. അത് വെറുമൊരു പ്രതീക്ഷയല്ല, അക്കാര്യത്തിൽ സമ്പൂർണ ആത്മവിശ്വാസമാണ് നിങ്ങളിലുള്ളത്. ഈ രാജ്യം മുഴുവൻ നിങ്ങൾക്കുവേണ്ടി നിലകൊള്ളും.”- യോഗി ആദിത്യനാഥ് എക്സിൽ കുറിച്ചു.
വിനേഷ് ഫോഗട്ടിന്റെ അയോഗ്യത അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ഔദ്യോഗികമായി സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഇന്ത്യൻ താരത്തിനെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തിയത്. അയോഗ്യത പുനഃപരിശോധനയ്ക്ക് വിധേയമാക്കാൻ സാധിക്കില്ലെന്നും ഒളിമ്പിക് കമ്മിറ്റി അറിയിച്ചിരുന്നു. ഇതോടെ വിനേഷ് തോൽപ്പിച്ച ക്യൂബൻ താരം യുസ്നെലിസ് ഗുസ്മാൻ ഫൈനലിൽ അമേരിക്കൻ ഗുസ്തി താരമായ സാറ ഹിൽഡെബ്രാൻഡിനെയായിരിക്കും നേരിടുക.