കൊച്ചി: ബംഗ്ലാദേശിൽ നടന്നുവരുന്ന സർക്കാർ വിരുദ്ധ കലാപത്തിൽ അക്രമത്തിനിരയാവുന്ന ഹിന്ദുക്കളെ സംരക്ഷിക്കാൻ കേന്ദ്രസർക്കാർ ഉടൻ നടപടികൾ സ്വീകരിക്കണെമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡൻ്റ് ആർ.വി ബാബു ആവശ്യപ്പെട്ടു.
അന്താരാഷ്‌ട്ര മനുഷ്യാവകാശ സംഘടനകളുടെ അടിയന്തര ഇടപെടൽ അനിവാര്യമായിരിക്കുന്ന സാഹചര്യമാണുള്ളത്. കലാപത്തിൽ നിരപരാധികളായ സ്ത്രീകളടക്കം നിരവധി പേർ അക്രമത്തിനിരയാവുകയും കൊല്ലപ്പെടുകയും ചെയ്തു. നാനൂറിലേറെ പേർക്ക് പരിക്കേറ്റു. പതിനഞ്ചിലേറെ ക്ഷേത്രങ്ങളാണ് തകർക്കപ്പെട്ടത്. ഒട്ടനവധി ഹിന്ദു സ്ഥാപനങ്ങൾ ചുട്ടുചാമ്പലക്കപ്പെട്ടു.
ജമാഅത്തെ ഇസ്ലാമിയും അവരുടെ വിദ്യാർത്ഥി സംഘടനയുമാണ് ന്യൂനപക്ഷ സമുദായങ്ങൾക്കെതിരായ അക്രമത്തിന് നേതൃത്വം നൽകുന്നത്. ക്രിസ്ത്യാനികളും ബൗദ്ധരും സിക്കുകാരും അക്രമത്തിനിരയായിട്ടുണ്ട്. പാകിസ്താന്റെ സഹായത്തോടെയാണ് ന്യൂനപക്ഷ സമുദായങ്ങൾക്കെതിരായി ഈ അക്രമങ്ങൾ അരങ്ങേറുന്നത്. ബംഗ്ലാദേശ് കലാപത്തെ മഹത്വവൽക്കരിക്കുന്നവർ ഹിന്ദുവംശഹത്യയെ കാണാതെ പോകരുത്. ബംഗ്ലാദേശിൽ 20% ഉണ്ടായിരുന്ന ഹിന്ദു ജനസംഖ്യ ഇന്ന് എട്ട് ശതമാനത്തിൽ താഴെയാണ്. മത തീവ്രവാദികൾ ന്യൂനപക്ഷ സമുദായങ്ങൾക്കെതിരായി നടത്തുന്ന ക്രൂരതകൾക്കെതിരെ ഒരു പ്രതികരണവും നടത്താത്ത രാഷ്‌ട്രീയ സാംസ്കാരിക നേതാക്കളുടെ നിലപാട് തികഞ്ഞ കാപട്യമാണ്. ബംഗ്ലാദേശിലെ ന്യൂനപക്ഷ പീഡനത്തെ സംബന്ധിച്ച് മുസ്ലീം സംഘടനകൾ തങ്ങളുടെ നിലപാട് വ്യക്തമാക്കണെമെന്നും ആർ.വി ബാബു ആവശ്യപ്പെട്ടു.