ന്യൂഡൽഹി: കേരളത്തിന്റെ ഉള്ളുലച്ച വയനാട്ടിലെ ദുരന്തഭൂമി പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച സന്ദർശിക്കും. പ്രത്യേക വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം ഹെലികോപ്റ്റർ മാർഗമായിരിക്കും വയനാട്ടിലെത്തുക. ഉരുളെടുത്ത മേഖലയിലൂടെ ആകാശ നിരീക്ഷണം നടത്തി ദുരിതത്തിന്റെ വ്യാപ്തി അറിയാനാണ് പ്രധാനമന്ത്രി ശ്രമിക്കുക. തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിലെത്തുന്ന പ്രധാനമന്ത്രി അതിജീവിതരുമായി സംസാരിക്കും.
രാജ്യം പോലും നടുങ്ങിയ പ്രകൃതി ദുരന്തമാണ് വയനാട്ടിൽ ഉണ്ടായത്. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഉയർന്ന സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ വരവിനെ പ്രതീക്ഷയോടെയാണ് സംസ്ഥാനം കാണുന്നത്. സന്ദർശന വേളയിൽ ദുരന്ത ബാധിതർക്ക് കൂടുതൽ സഹായം പ്രഖ്യാപിച്ചേക്കും.
കേന്ദ്രസർക്കാരിന്റെ വിവിധ ഏജൻസികളുടെ കീഴിൽ 9 ദിവസമായി ദുരന്തഭൂമിയിൽ രക്ഷാദൗത്യം പുരോഗമിക്കുകയാണ്. സൈന്യവും എൻഡിആർഎഫും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. വയനാട്ടിലെ സ്ഥിതിഗതികൾ കേന്ദ്രസർക്കാർ നിരീക്ഷിച്ച് വരികയാണെന്നും ആഭ്യന്തര മന്ത്രാലയത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നിട്ടുണ്ടെന്നും കേന്ദ്രമന്ത്രിമാരായ ജോർജ് കുര്യനും സുരേഷ് ഗോപിയും പറഞ്ഞിരുന്നു.















