ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘നുണക്കുഴി’ ഓഗസ്റ്റ് 15ന് പ്രദർശനത്തിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ ട്രെയിലർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ബോക്സ് ഓഫീസിൽ വമ്പൻ ഹിറ്റായ മോഹൻലാൽ ചിത്രം നേരിന് ശേഷം ജീത്തു ജോസഫിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം കൂടിയാണ് നുണക്കുഴി. കൂടാതെ ഈ വർഷത്തെ മറ്റൊരു ബ്ലോക്ക് ബസ്റ്റർ ഹിറ്റായ ഗുരുവായൂർ അമ്പലനടയിലിനു ശേഷം ബേസിൽ ജോസഫ് പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രമെന്ന രീതിയിലും പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷ ഉണർത്തുന്ന സിനിമയാണ് ‘നുണക്കുഴി’.
ഒരു ഔട്ട് ആൻഡ് ഔട്ട് കോമഡി-ഫാമിലി എന്റെർടെയ്നര്ർ തന്നെയാകും ‘നുണക്കുഴി’ എന്ന പ്രതീതിയാണ് ട്രെയിലർ നൽകുന്നത്. നർമ്മം കലർന്ന കഥാപാത്രങ്ങൾ അനായാസം കൈകാര്യം ചെയ്യുന്ന ബേസിലും ഗ്രേസ് ആന്റണിയും സ്ക്രീനിൽ ഒരുമിച്ച് സ്ക്രീനിലെത്തുന്നുവെന്നതാണ് നുണക്കുഴിയുടെ ഹൈലൈറ്റ്. കൂടാതെ സിദ്ദിഖ്, മനോജ് കെ ജയൻ, ബൈജു എന്നീ മുതിർന്ന താരങ്ങളും അണിനിരക്കുന്നുണ്ട്.
‘ട്വെൽത്ത് മാൻ’, ‘കൂമൻ’ എന്നീ ജീത്തുജോസഫ് ചിത്രങ്ങളുടെ തിരക്കഥാകൃത്തായ കെ.ആർ കൃഷ്ണകുമാർ തന്നെയാണ് ‘നുണക്കുഴി’യുടെയും തിരക്കഥ എഴുതിയിരിക്കുന്നത്. വിക്രം മെഹ്‌റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ആശിർവാദാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ അജു വർഗീസ്, സൈജു കുറുപ്പ്, അൽത്താഫ് സലിം, നിഖില വിമൽ, ലെന, സ്വാസിക, ബിനു പപ്പു എന്നിവർ ചേർന്ന് അവതരിപ്പിക്കുന്നു.