അഗർത്തല: ബംഗ്ലാദേശിൽ ആളിപ്പടരുന്ന പ്രക്ഷോഭങ്ങൾക്കിടയിൽ രാജ്യവുമായി അതിർത്തി പങ്കിടുന്ന സംസ്‌ഥാനമായ ത്രിപുരയിൽ നിന്നും 11 ഓളം ബംഗ്ലാദേശികളെ ബിഎസ്എഫ് അറസ്റ്റ് ചെയ്തു. ത്രിപുര പൊലീസുമായി സംയുക്തമായി നടത്തിയ ഓപ്പറേഷനിലായിരുന്നു ഇവരെ പിടികൂടിയത്. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി 70 ലക്ഷം രൂപ വിലമതിക്കുന്ന ലഹരിവസ്തുക്കളും പൊലീസ് പിടികൂടി.
പടിഞ്ഞാറൻ ത്രിപുരയിലെ എഡി നഗർ പോലീസ് സ്‌റ്റേഷനു കീഴിലുള്ള ഗജാരിയയിൽ ബംഗ്ലാദേശികളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്ന് പൊലീസുമായി ബിഎസ്എഫ് സംയുക്ത തെരച്ചിൽ നടത്തുകയായിരുന്നു. തെരച്ചിലിൽ 8 ബംഗ്ലാദേശികളെയും ഒരു ഇടനിലക്കാരിയെയും പിടികൂടി. മറ്റൊരു സംഭവത്തിൽ ബിഎസ്എഫും പൊലീസും സംയുക്തമായി അംതാലിയിലെ മൊബൈൽ ചെക്ക് പോസ്റ്റിൽ നിന്ന് 3 ബംഗ്ലാദേശികളെ പിടികൂടുകയായിരുന്നു.
സെപാഹിജേല ജില്ലയിൽ നടത്തിയ പരിശോധനയിൽ 50 ലക്ഷം രൂപയുടെ 10,000 യാബ ഗുളികകളും കൃഷ്ണ നറിൽ നടത്തിയ പരിശോധനയിൽ 20 ലക്ഷം രൂപയുടെ 9,500 സിഗരറ്റ് പാക്കറ്റുകളും സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെടുത്തു. ബംഗ്ലാദേശിൽ നിലനിൽക്കുന്ന കലാപാന്തരീക്ഷത്തെത്തുടർന്ന് ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങളിൽ നുഴഞ്ഞുകയറ്റ ശ്രമവും കുറ്റകൃത്യങ്ങളും തടയാൻ ശക്തമായ നിരീക്ഷണവും പരിശോധനയുമാണ് സേന നടത്തി വരുന്നത്.