ഉരുളെടുത്ത വയനാടിന് കരുത്തേകാനെത്തിയ സൈനിക സംഘത്തിൽ മാസ്‌ക് ധരിച്ച ഒരു ഉദ്യോഗസ്ഥനുണ്ട്. രാജ്യത്തിന്റെ മുൻ കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ‘ദി മോസ്റ്റ് ഫിയർലെസ് മാൻ (ഏറ്റവും ഭയമില്ലാത്ത മനുഷ്യൻ)’ എന്ന് വിശേഷിപ്പിച്ച പട്ടാളക്കാരൻ. ലഫ്റ്റനന്റ് കേണൽ ഋഷി രാജലക്ഷ്മി. 2017, മാർച്ച് 4 ന് കശ്മീരിലെ പുൽവാമയിൽ ഭീകരരെ കീഴടക്കാനുള്ള സേനാ ദൗത്യത്തിനിടെ ജയ്ഷെ മുഹമ്മദിന്റെയും ഹിസ്ബുൾ മുജാഹിദിന്റെയും കേന്ദ്രങ്ങളിൽ നേരിട്ട് ചെന്ന് സംഘത്തലവൻമാരെ അമർച്ചചെയ്ത ധീരജവാൻ, മലയാളിയായ ലഫ്റ്റനന്റ് കേണൽ ഋഷി രാജലക്ഷ്മിയാണ് കാരുണ്യത്തിന്റെ സേവനത്തിനായി വയനാട്ടിലെത്തിയിരിക്കുന്നത്.
ശത്രുകളിൽ നിന്ന് തന്റെ രാജ്യത്തെ സംരക്ഷിക്കുക മാത്രമല്ല, അവർക്കൊരു പ്രതിസന്ധി വരുമ്പോൾ കൈത്താങ്ങാവണമെന്ന ഉറച്ച ബോധ്യമാണ് ഋഷിക്കുള്ളത്. ജന്മനാടിന് തിരികെ നൽകാൻ കഴിയുന്ന സേവനമാണ് താൻ വയനാട്ടിൽ ചെയ്യുന്നത്. ‘ഞാൻ മലയാളിയാണ്. ജന്മനാടിന് വേണ്ടി തിരിച്ച് ചെയ്യാൻ പറ്റുന്ന സേവനമായാണ് വയനാട്ടിലെ രക്ഷാദൗത്യത്തെ കാണുന്നത്. ഇതിലും മികച്ച മറ്റൊരു കാര്യമില്ല.’- അദ്ദേഹം പറഞ്ഞു.
”എന്നെ കടന്നേ ഒരു വെടിയുണ്ട നിങ്ങൾക്ക് നേരെ വരികയുള്ളൂ എന്നത് ഏതൊരു സൈനികനും പറയുന്ന വാക്കാണ്. ഇന്ത്യൻ ആർമി എന്നത് വികാരമാണ്. 2017-ൽ കശ്മീരിലെ ദ്രാലിൽ നടത്തിയ ഓപ്പറേഷനിൽ എന്നേക്കാൾ എനിക്ക് വലുത് രാജ്യമായിരുന്നു. ഇന്ത്യൻ മിലിട്ടറി അക്കാദമിയിലെ പരിശീലനത്തിൽ നിന്ന് ലഭിച്ച കരുത്താണിത്. ഭീകരാക്രമണത്തെ തുടർന്ന് തീവ്രപരിചരണവിഭാഗത്തിൽ കഴിയുമ്പോഴായിരുന്നു ബിപിൻ റാവത്ത് ദി മോസ്റ്റ് ഫിയർലെസ് മാൻ എന്ന് വിശേഷിപ്പിച്ചത്. തകർന്ന മുഖം നേരെയാക്കുന്നതിന് വേണ്ടി ഇതുവരെ 23 ശസ്ത്രക്രിയയ്‌ക്ക് വിധേയനായി. ”- കേണൽ ഋഷി പറഞ്ഞു.
you must able to cover your Disabilities and project your Abilities എന്ന ആശയമാണ് തന്റെ മാസ്‌കിലൂടെ പ്രതിധ്വനിക്കുന്നതെന്നും കേണൽ ഋഷി പറയുന്നു. മുഴുവൻ സമയവും മുഖാവരണം ധരിച്ചാണ് ഇപ്പോൾ ലഫ്. കേണൽ ഋഷിയുടെ ജീവിതം. ഒരർഥത്തിൽ രാജ്യസ്നേഹത്തിന്റെയും സമർപ്പണത്തിന്റേയും അടയാളമാണ് ആ മുഖാവരണം.
എൻജിനീയറിംഗ് ബിരുദധാരിയായ ഋഷി കെഎസ്ഇബിയിലെ ജീവനക്കാരനായിരുന്നു. പിന്നീട് എയർ ഇന്ത്യയിൽ ജോലി കിട്ടി. പക്ഷേ, സൈനികനാകണമെന്ന അടങ്ങാത്ത അഭിനിവേശമാണ് അദ്ദേഹത്തെ ഇന്ത്യൻ ആർമിയിലെത്തിച്ചത്. ജോലിക്ക് വേണ്ടി ആർമിയിൽ ചേരേണ്ട കാര്യമില്ല, രാജ്യത്തിന് വേണ്ടിയാണെങ്കിൽ മതി സൈനിക സേവനമെന്നാണ് അമ്മ പറഞ്ഞത്. അതാണെന്റെ ജീവിതത്തിലെ ഏറ്റവും വലിയ മോട്ടിവേഷൻ. അത് വെറുമൊരു സ്വപ്നമായിരുന്നില്ല, മറിച്ച് സമർപ്പണമായിരുന്നുവെന്ന് അദ്ദേഹം ജീവിതം കൊണ്ട് പിന്നീട് തെളിയിച്ചു.
ഋഷി രാജലക്ഷമി എന്ന സൈനികന്റെ പോരാട്ട വീര്യത്തെ തകർക്കാനായില്ല വെടിയുണ്ടകൾക്ക്. പരിക്കുകൾ ഭേദമായ ഉടൻ തന്റെ സൈനികജീവിതത്തിലേക്ക് അദ്ദേഹം തിരികെയെത്തി. നിലവിൽ ഏഴ് വർഷമായി പങ്ങോട് സൈനിക കേന്ദ്രത്തിലെ ഉദ്യോഗസ്ഥനാണ് ലഫ്റ്റനന്റ് കേണൽ ഋഷി രാജലക്ഷ്മി.