ദുബായ്: സാധാരണ ബസുകൾ ഒഴിവാക്കാൻ ദുബായ്. എമിറേറ്റിലെ നാലുപ്രദേശങ്ങളിൽ സാധാരണ ബസുകൾ നിർത്തലാക്കി പകരം വൈദ്യുത ബസുകളിറക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. ഇതിനായി കൂടുതൽ വൈദ്യുത ബസുകൾ ആർടിഎ വാങ്ങും.
ബിസിനസ് ബേ, അൽ ഗുബൈബ, അൽ സത്വ, അൽ ജാഫിലിയ എന്നീ റൂട്ടുകളിലായിരിക്കും സാധാരണ ബസുകൾക്ക് പകരം വൈദ്യുത ബസുകളിറക്കുക. നാലുപ്രദേശങ്ങളിലും ഘട്ടംഘട്ടമായി സാധാരണ ബസുകൾ നിർത്തലാക്കും. ഇതിനായി 40 വൈദ്യുത ബസുകൾ കൂടി ആർടിഎ പുതുതായി വാങ്ങും. വൈദ്യുത ബസ് സർവീസിന് അനുയോജ്യമായ സ്റ്റേഷനുകളും ആവശ്യമായ ചാർജിംഗ് സംവിധാനവും സാങ്കേതികതയുമെല്ലാം പരിഗണിച്ചാണ് ഈ റൂട്ടുകൾ ആദ്യഘട്ടത്തിൽ തിരഞ്ഞെടുത്തിരിക്കുന്നത്.
സാധാരണ ബസുകളേക്കാൾ വൈദ്യുത ബസുകൾക്ക് വില കൂടുതലാണെങ്കിലും യാത്രാനിരക്കിൽ മാറ്റമുണ്ടാകില്ല. സിംഗിൾ ഡെക്ക് വൈദ്യുത ബസുകളിൽ 35 പേർക്കിരിക്കാം. 70 പേർക്ക് നിന്നും യാത്ര ചെയ്യാം. കടുത്ത വേനലിലും സുഗമമായി ഈ ബസുകളിൽ യാത്ര ചെയ്യാം. പ്രതിവർഷം 3,900 ടൺ കാർബൺ പുറന്തള്ളൽ കുറയ്‌ക്കാനാവുമെന്നും ആർടിഎയുടെ പൊതുഗതാഗത ഏജൻസി സിഇഒ അഹമ്മദ് ബഹ്രോസിയാൻ പറഞ്ഞു. ദുബായ് ക്ലീൻ എനർജി പദ്ധതിയോടനുബന്ധിച്ച് 2050-നകം കൂടുതൽ വൈദ്യുത ബസുകൾ നിരത്തിലിറക്കും. ഇതിലൂടെ ദുബായ് നഗരം മുഴുവൻ പരിസ്ഥിതി സൗഹൃദമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്.













