ദുബായ്: യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവുമായി ദുബായ് രാജ്യാന്തര വിമാനത്താവളം. 2024ലെ ആദ്യ ആറ് മാസത്തിനുള്ളിൽ 4 കോടി 49 ലക്ഷം ആളുകൾ ദുബായ് എയർപോർട്ട് മുഖേന യാത്ര ചെയ്തു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ രേഖപ്പെടുത്തിയതിനേക്കാൾ 8% വർധനയാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്.
സഞ്ചാരികളുടെയും നിക്ഷേപകരുടെയും ആഗോള കേന്ദ്രമെന്ന നിലയിൽ ദുബായുടെ പ്രാധാന്യം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ദുബായ് രാജ്യാന്തര വിമാനത്താവളത്തിലൂടെയുള്ള യാത്രക്കാരുടെ എണ്ണവും കൂടിയത്. ഈ വർഷത്തെ ആദ്യ ആറ് മാസത്തിനുള്ളിൽ യാത്രക്കാരുടെ എണ്ണത്തിൽ ദുബായ് രാജ്യാന്തര വിമാനത്താവളം 8% വർധനവ് രേഖപ്പെടുത്തി. 4 കോടി 49 ലക്ഷം യാത്രക്കാരാണ് വിമാനത്താവളത്തിലൂടെ കടന്നുപോയത്. ഇതിൽ 61 ലക്ഷം യാത്രക്കാരുമായി ഇന്ത്യയാണ് മുന്നിൽ. രണ്ടാമതുള്ള ചൈനയിൽ നിന്നുള്ള യാത്രക്കാർ 10 ലക്ഷത്തിലേറെയാണ്. സൗദി അറേബ്യ, യുകെ, പാകിസ്താൻ എന്നിവയാണ് തൊട്ടുപുറകിൽ.
ലണ്ടൻ, റിയാദ്, മുംബൈ എന്നീ നഗരങ്ങളിലേക്കാണ് ഏറ്റവും കൂടുതൽ പേർ പറന്നത്. 106 രാജ്യങ്ങളിലെ 269 ലക്ഷ്യസ്ഥാനങ്ങളിലേക്കാണ് ദുബായിൽ നിന്ന് വിമാനങ്ങളുള്ളത്. ദുബായ് വിമാനത്താവളത്തിൽ നിന്ന് 101 രാജ്യാന്തര എയർലൈനുകളാണ് സർവീസ് നടത്തുന്നത്.













