ന്യൂഡൽഹി: അരാജകത്വത്തിലേക്ക് ബംഗ്ലാദേശ് കൂപ്പുകുത്തിയതോടെ സ്വന്തം രാജ്യത്ത് നിന്ന് ഓടിരക്ഷപ്പെടേണ്ട ഗതികേടിലായിരുന്നു ഷെയ്ഖ് ഹസീനയും സഹായികളും. എന്നത്തേയും പോലെ ഇന്ത്യയെന്ന സുരക്ഷിത കേന്ദ്രം അവർക്കായി വാതിലുകൾ തുറന്നതിനാൽ ബംഗ്ലാദേശ് പ്രധാനമന്ത്രിയായിരുന്ന വനിത ജീവനോടെ സ്വസ്ഥമായി ഇന്ന് കഴിയുന്നു. പട്ടാളം അനുവദിച്ച് നൽകിയ 45 മിനിറ്റിനുള്ളിൽ രാജി വച്ച് ഹെലികോപ്റ്ററിൽ കയറി വരാൻ മാത്രമേ ഷെയ്ഖ് ഹസീനയ്‌ക്കും സഹായികൾക്കും കഴിഞ്ഞുള്ളൂ. അവശ്യ സാധനങ്ങളെല്ലാം എടുത്തുവെന്ന് ഉറപ്പുവരുത്താനോ യാത്രയ്‌ക്ക് വേണ്ടി തയ്യാറെടുക്കാനോ അവർക്ക് സാധിച്ചില്ല. കാരണം ജീവൻ സുരക്ഷിതമാക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു അവർ.
പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് ഷെയ്ഖ് ഹസീനയും അവരുടെ സഹോദരി ഷെയ്ഖ് രെഹാനയും ഇരുവരുടെയും സഹായികളും ധാക്കയിൽ നിന്ന് C-130 J എയർക്രാഫ്റ്റിലാണ് പുറപ്പെട്ടത്. നേരെ ഇന്ത്യയിലെ ഹിൻഡൻ വ്യോമതാവളത്തിൽ വന്നിറങ്ങി. ഹസീനയുടെയും രെഹാനയുടെയും അനുയായികൾക്കും സഹായികൾക്കും ഉടുതുണി എടുത്തുവയ്‌ക്കാൻ പോലുമുള്ള സമയം കിട്ടിയിരുന്നില്ലെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രക്ഷാകരങ്ങൾ തേടി ഇന്ത്യയിലെത്തിയ ഹസീനയ്‌ക്കും കൂടെയുള്ളവർക്കും വേണ്ട സൗകര്യങ്ങളെല്ലാം കേന്ദ്രസർക്കാർ ഒരുക്കി. അക്കാര്യത്തിൽ പ്രതിപക്ഷത്തിനും ഒരേമനസായിരുന്നു. ഇനി ഹസീനയ്‌ക്ക് മുൻപുള്ള കടമ്പ സുരക്ഷിതമായ രാഷ്‌ട്രീയ അഭയകേന്ദ്രം കണ്ടെത്തുകയെന്നതാണ്. അതിനായി വിവിധ യൂറോപ്യൻ രാജ്യങ്ങളെ അവർ സമീപിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
ബംഗ്ലാദേശിൽ പ്രധാനമന്ത്രി ഉണ്ടായിരുന്നപ്പോൾ തെരുവുകളിൽ അഴിഞ്ഞാടിയ കലാപകാരികൾ പ്രധാനമന്ത്രി ഇല്ലാതായപ്പോൾ വസതി തന്നെ കയ്യടക്കി. വിദ്യാർത്ഥി പ്രക്ഷോഭത്തിൽ നിന്ന് കലാപത്തിലേക്ക് മാറിയതും അതിവേഗമായിരുന്നു. സംവരണനിയമം റദ്ദാക്കിയിട്ടും പ്രക്ഷോഭകരുടെ ആവശ്യം അംഗീകരിച്ചിട്ടും രാജ്യം അരാജകത്വത്തിന്റെ പാത പിന്തുടർന്നു. സംവരണ നിയമത്തിനെതിരെ തെരുവിലറങ്ങിയവർ രാജ്യത്തെ ന്യൂനപക്ഷങ്ങളെയും അവരുടെ ആരാധനാലയങ്ങളെയും ആക്രമിക്കുന്ന കാഴ്ചയും ആശങ്കാജനകമായ വസ്തുതയാണ്.