വയനാട്ടിലേക്ക് സ്നേഹവും സഹായവും ഒഴുകുകയാണ്. ഉള്ളുപൊട്ടി, മരണത്തെ മുഖാമുഖം കണ്ട് തിരികെ ജീവിതത്തിലേക്ക് എത്തിയവരെ തങ്ങളാൽ കഴിയുംവിധം ഓരോരുത്തരും സഹായിക്കുന്നുണ്ട്. നിരവധി പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിലും രക്ഷാപ്രവർത്തനം നടക്കുന്ന സ്ഥലങ്ങളിലും സഹായങ്ങളെത്തിക്കുന്നത്.
ദുരന്ത മേഖലയിലെ വിശക്കുന്ന വയറുകളെ അന്നമൂട്ടിയാണ് ഷെഫ് പിള്ള വ്യത്യസ്തനാകുന്നത്. എന്നാൽ ഇതിന്റെ പേരിൽ അദ്ദേഹത്തിനെതിരെ സൈബറാക്രമണവും രൂക്ഷമായിരുന്നു. ഇതിനൊന്നും ചെവി കൊടുക്കാതെ അദ്ദേഹം തുടർച്ചയായി എട്ടാം ദിനവും ആഹാരം തയ്യാറാക്കി വിതരണം ചെയ്യുകയാണ്. ഇതിന് പിന്നാലെ അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിൽ പങ്കിട്ട കുറിപ്പാണ് ചർച്ചയാകുന്നത്.
ആഹാരം തയ്യാറാക്കാനായി വിവിധയിടങ്ങളിൽ നിന്നാണ് സാധാനങ്ങളെത്തുന്നതെന്നും ആളുകളുടെ ഈ നന്മയ്‌ക്ക് നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
നാല് ദിവസം മുൻപ് കൊച്ചിയിലെ ടോളിൻസ് ഗ്രൂപ്പ് സഞ്ചാരിയിലേക്ക് ബിരിയാണ് അരി നൽകിയിരുന്നുവെന്നും അത് തീരാറായി എന്നറിഞ്ഞ് ചോദിക്കാതെ തന്നെ വീണ്ടും രണ്ടായിരം കിലോ അരി ബത്തേരിയിൽ എത്തിച്ചു. ഏകദേശം 18000 ബിരിയാണി തയ്യാറാക്കാനുള്ള അരി ആയിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു.
ദിണ്ടിഗലിലെ ഒരു സ്കൂളിെ കുട്ടികളും അദ്ധ്യാപകരും ചേർന്ന് 20,000 രൂപ പിരിച്ചെടുത്ത് നിർബന്ധിച്ച് ഏൽപ്പിച്ചെന്നും ഒരു ദിവസത്തെ രാത്രി ഭക്ഷണം അവരുടെ വകയിലാണ് തയ്യാറാക്കി നൽകിയതെന്നും ഷെഫ് സുരേഷ് പിള്ള കൂട്ടിച്ചേർത്തു. ഇതിനൊക്ക എങ്ങനെ നന്ദി പറയണം എന്നറിയില്ലെന്നും എല്ലാവരോടും ഒരുപാട് സ്നേഹമെന്നും അദ്ദേഹം എഴുതി.















