പാലക്കാട്: സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ. പാലക്കാട് നെന്മാറ സ്വദേശി സോമൻ (59) ആണ് ആത്മഹത്യ ചെയ്തത്. ഇന്ന് രാവിലെയായിരുന്നു സോമനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതോടെ ബന്ധുക്കൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിൽ മൃതദേഹത്തിന്റെ സമീപത്ത് നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. പാട്ടത്തിനെടുത്ത ഭൂമിയിൽ കൃഷിയിറക്കിയെങ്കിലും വൻ നഷ്ടമുണ്ടായി. വായ്പ എടുത്താണ് കൃഷി ചെയ്തിരുന്നത്. നഷ്ടത്തെ തുടർന്ന് മാനഹാനിയുണ്ടായി. ഇതിനാൽ ആത്മഹത്യ ചെയ്യുന്നുവെന്നും കുറിപ്പിൽ പറയുന്നു.
വർഷങ്ങളായി ഭൂമി പാട്ടത്തിനെടുത്തും തന്റെ സ്വന്തം ഭൂമിയിലും നെൽകൃഷി നടത്തി വരികയായിരുന്നു സോമൻ. കൃഷി നഷ്ടത്തിലായതിനെ തുടർന്ന് വായ്പ അടവിൽ മുടക്കം വന്നിരുന്നു. ഇതിൽ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് മെമ്പറെ സോമൻ സമീപിച്ചെങ്കിലും നടപടിയൊന്നുമുണ്ടായില്ല. ഏറെ നാളായി ഇതിന്റെ മനോവിഷമത്തിലായിരുന്നു സോമനെന്ന് ബന്ധുക്കൾ പറഞ്ഞു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.















