കോഴിക്കോട്: വയനാട് രക്ഷാദൗത്യത്തിൽ പങ്കാളികളായ ടെറിറ്റോറിയൽ ആർമിയുടെ മദ്രാസ് റെജിമെന്റിലെ 122 ബറ്റാലിയൻ കോഴിക്കോട് യൂണിറ്റിലെ അംഗങ്ങൾക്ക് സ്വീകരണമൊരുക്കി നാട്ടുകാർ. ദുരന്തമുഖത്തെ സൈന്യത്തിന്റെ സേവനത്തിന് വെസ്റ്റ് ഹില്ലിൽ പൗരസ്വീകരണം നൽകിയാണ് ആദരിച്ചത്.
വയനാട്ടിലെ സാഹസികമായ രക്ഷാ പ്രവർത്തനത്തിലും തിരച്ചിലിലും പങ്കാളിയായ 43 അംഗ സൈനികർക്കാണ് സ്വീകരണം നൽകിയത്. എംഎൽഎ, മേയർ, കലാ- രാഷ്‌ട്രീയ- സാമൂഹിക രംഗത്തെ പ്രമുഖർ വിദ്യാർത്ഥികൾ തുടങ്ങിയവർ ചേർന്നാണ് സൈനികരെ സ്വീകരിച്ചത്. വാദ്യ മേളങ്ങളുടെ അകമ്പടിയോടെയാണ് ബാരക്കിലേക്ക് സൂപ്പർ ഹീറോകളെ ആനയിച്ച് കൊണ്ടു പോയത്.
താമരശ്ശേരി ചൂരം ഇറങ്ങിയതിന് ശേഷം പല വഴിയിലും ഇത്തരത്തിൽ സൈന്യത്തെ നാട്ടുകാർ ആദരിച്ചിരുന്നു. 4 ട്രക്കുകളിലായാണ് സൈന്യം വെസ്റ്റ് ഹില്ലിലേക്ക് തിരിച്ചെത്തിയത്. ഉരുൾപൊട്ടലുണ്ടായ 30-ന് രാവിലെ് തന്നെ സംഘം ദുരന്തമുഖത്തെത്തിയിരുന്നു. എൻഡിആർഎഫിനും ഫയർ ഫോഴ്‌സിനും ഒപ്പം സൈന്യത്തിന്റെ വിവിധ ബറ്റാലിയനുകൾ ചേർന്ന് വനമേഖലയിൽ ഉൾപ്പടെ തിരച്ചിൽ നടത്തി.
സൈന്യത്തിന്റെ 500 അംഗ സംഘമാണ് ദുരന്തമുഖത്ത് നിന്ന് മടങ്ങിയത്. സർക്കാരും ജില്ലാ ഭരണകൂടവും സൈന്യത്തിന് യാത്രയയപ്പ് നൽകി. ദുരന്തഭൂമിയിൽ ജനങ്ങളും സർക്കാരും നൽകിയ പിന്തുണയ്‌ക്ക് സൈന്യം നന്ദിയറിച്ചു.















