ധാക്ക: കലാപകാരികളുടെ അഴിഞ്ഞാട്ടത്തിൽ ബംഗ്ലാദേശി നടനും പിതാവും കൊല്ലപ്പെട്ടു. ആൾക്കൂട്ടാക്രമണത്തിന് ഇരയായ ഇരുവരും തിങ്കളാഴ്ച രാത്രിയാണ് കൊല്ലപ്പെട്ടത്. നടൻ ഷാന്റോ ഖാൻ, പിതാവ് സെലീം ഖാൻ എന്നിവരാണ് കലാപകാരികൾക്ക് ഇരയായത്.
അവാമി ലീഗിൽ നിന്ന് പുറത്താക്കപ്പെട്ട നേതാവായിരുന്നു സെലിം ഖാൻ. ഭരണകക്ഷിയായിരുന്ന അവാമി ലീഗിന്റെ നേതാവും പ്രധാനമന്ത്രിയുമായിരുന്ന ഷെയ്ഖ് ഹസീന രാജിവച്ച് രാജ്യം വിട്ടതോടെ പാർട്ടിയുടെ പ്രവർത്തകർക്കും നേതാക്കൾക്കും നേരെ അതിക്രൂരമായ ആക്രമണങ്ങളായിരുന്നു കലാപകാരികൾ നടത്തിയിരുന്നത്. ഇതിന്റെ ഭാഗമായാണ് സെലീം ഖാന് നേരെയും പ്രക്ഷോഭകാരികൾ തിരിഞ്ഞതെന്നാണ് വിവരം. ഷെയ്ഖ് ഹസീന പലായനം ചെയ്ത അതേദിവസമാണ് നടനും പിതാവും കൊല്ലപ്പെട്ടത്.
2021ൽ പുറത്തിറങ്ങിയ ‘Tungiparar Miya Bhai’ എന്ന ചിത്രത്തിൽ ബംഗബന്ധു ഷെയ്ഖ് മുജീബുർ റഹ്മാന്റെ യൗവനം അവതരിപ്പിച്ച നടനായിരുന്നു കൊല്ലപ്പെട്ട നടൻ ഷാന്റോ ഖാൻ എന്ന പ്രത്യേകതയുമുണ്ട്. ഷെയ്ഖ് ഹസീനയുടെ പിതാവും ബംഗ്ലാദേശിന്റെ സ്ഥാപകനുമാണ് ഷെയ്ഖ് മുജീബുർ റഹ്മാൻ.