വയനാട്: ദുരന്തഭൂമിയിലെ ബെയ്ലി പാലം ഇനി കൂടുതൽ സുരക്ഷിതമായിരിക്കും. ഇതിനായി പാലത്തിന്റെ അടിഭാഗത്ത് കല്ലുകൾ നിരത്തി പ്രത്യേക തിട്ടകൾ രൂപപ്പെടുത്തി തൂണുകൾ ബലപ്പെടുത്തുന്ന ജോലികൾ പുരോഗമിക്കുകയാണ്. യഥാർത്ഥ പാലം സ്ഥാപിക്കുന്നത് വരെ ബെയ്ലി പാലം ഇവിടെ തന്നെ തുടരുമെന്ന് സൈന്യം നേരത്തെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഏതു പ്രതികൂല സാഹചര്യത്തേയും നേരിടാൻ പാലത്തെ കൂടുതൽ ശക്തമാക്കുന്നത്.
കേരളത്തെ സംബന്ധിച്ചിടത്തോളം ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു പാലമായി മാറിയിരിക്കുകയാണ് വയനാട്ടിലെ ബെയ്ലി പാലം. യുദ്ധകാലാടിസ്ഥാനത്തിൽ 190 അടി നീളമുള്ള പാലം നിർമ്മിക്കാൻ സൈന്യം നടത്തിയ പരിശ്രമവും മലയാളികൾക്ക് മറക്കാനാകില്ല. ചൂരൽമലയേയും മുണ്ടക്കൈയേയും ബന്ധിപ്പിക്കാൻ വേണ്ടിയായിരുന്നു സൈന്യം പാലം നിർമിച്ചത്. ഇതുവഴി തിരച്ചിൽ കൂടുതൽ കാര്യക്ഷമമാക്കാൻ സൈന്യത്തിന് സാധിച്ചിരുന്നു.
സ്ഥിരം പാലം വരുന്നത് വരെ നാടിന് സമർപ്പിച്ചിരിക്കുന്നതിനാൽ പാലത്തിന്റെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി ചില അറ്റകുറ്റപ്പണികൾ തുടരുകയാണ്. ഇതിനായി സൈന്യത്തിന്റെ മദ്രാസ് എൻജിനീയറിംഗ് വിഭാഗം പ്രദേശത്തുണ്ട്.