തിരുവനന്തപുരം: വയനാട്ടിലെ ക്യാമ്പുകളിലേക്ക് ഇനി സാധനങ്ങൾ അയക്കേണ്ട കാര്യമില്ലെന്നും എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്നവർ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയാൽ മതിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സഹായത്തിന് ഏറ്റവും നല്ല വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുകയാണെന്ന് പിണറായി വിജയൻ വ്യക്തമാക്കി.
ക്യാമ്പുകളിലേക്ക് വേണ്ട അവശ്യസാധനങ്ങളെല്ലാം ലഭിച്ചുകഴിഞ്ഞു. പലയിടത്തും സാധനങ്ങൾ കെട്ടിക്കിടക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ സാമ്പത്തിക സഹായമാണ് ആവശ്യം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ കളക്ടറേറ്റ് വഴിയോ ധനസഹായം എത്തിക്കുന്നതിനാണ് ജനങ്ങൾ മുൻഗണന നൽകേണ്ടതെന്നും മുഖ്യമന്ത്രി അറിയിച്ചു.
ദുരിതാശ്വാസ നിധിയിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ – 5 ലക്ഷം, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ – 1 ലക്ഷം, മുൻ കേന്ദ്രമന്ത്രി എ.കെ ആൻ്റണി – 50,000 എന്നിങ്ങനെ നൽകി. തെന്നിന്ത്യൻ താരം പ്രഭാസ് രണ്ട് കോടി രൂപ നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. ചിരഞ്ജീവിയും രാം ചരണും ചേർന്ന് ഒരു കോടി രൂപയും നൽകും. ഗായകൻ എം.ജി ശ്രീകുമാർ ഒരു ലക്ഷം രൂപ നൽകിയെന്നും മുഖ്യമന്ത്രി അറിയിച്ചു.