ഭാരതത്തിന്റെ മെഡൽ സ്വപ്‌നങ്ങൾക്ക് ചിറക് വിടർത്തി പുരുഷ വിഭാഗം ഫ്രീസ്റ്റെൽ ഗുസ്തിയിൽ 57 കിലോ ഗ്രാം വിഭാഗത്തിൽ അമൻ സെഹ്‌റാവത്ത് സെമിയിൽ. മുൻ ലോകചാമ്പ്യൻ അൽബേനിയയുടെ സെലിംഖാനെ തോൽപ്പിച്ചാണ് താരം സെമി ടിക്കറ്റെടുത്തത്. സ്‌കോർ 11-0. രാത്രി 9.45-നാണ് സെമി ഫൈനൽ. ജപ്പാന്റെ ഹിഗുചിയാണ് എതിരാളി.
പാരിസ് ഒളിമ്പിക്‌സിൽ ഗുസ്തിയിൽ ഇതുവരെയും ഇന്ത്യക്ക് മെഡൽ നേടാനായിട്ടില്ല. ഭാര പരിശോധനയിൽ 100 ഗ്രാം അധികഭാരം കണ്ടെത്തിയതിനെ തുടർന്ന് വിനേഷ് ഫോഗട്ടിനെ അന്താരാഷ്‌ട്ര ഒളിമ്പിക്‌സ് അസോസിയേഷൻ അയോഗ്യയാക്കിയിരുന്നു. താരത്തിന്റെ ഹർജി തർക്ക പരിഹാര കോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്. വെള്ളി മെഡൽ നൽകണമെന്നാവശ്യപ്പെട്ടാണ് താരം കോടതിയെ സമീപിച്ചത്.
മറ്റൊരു ഗുസ്തി താരം അന്തിം പംഗലിന്റെ അക്രഡിറ്റേഷൻ ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷൻ റദ്ദാക്കി. സഹോദരിയെ നിഷ പംഗലിനെ നിയമ വിരുദ്ധമായി ഒളിമ്പിക്‌സ് വില്ലേജിൽ കയറ്റാൻ ശ്രമിച്ചതിനാണ് നടപടി. വനിതകളുടെ 53 കിലോഗ്രാം വിഭാഗത്തിൽ തുർക്കിയുടെ യെത്ഗിൽ സെയ്നെപ്പിനോട് അന്തിം പരാജയപ്പെട്ടിരുന്നു.