ന്യൂഡൽഹി: വഖഫ് ഭേദഗതി ബില്ലിനെ പിന്തുണച്ച് ഹജ്ജ് അസോസിയേഷൻ ഓഫ് ഇന്ത്യ. കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്നുള്ള മഹത്തായ ചുവടുവയ്പ്പാണിതെന്ന് ഇന്ത്യയുടെ ഹജ്ജ് അസോസിയേഷൻ ചെയർമാൻ എ. അബൂബക്കർ പ്രതികരിച്ചു. പാവപ്പെട്ടവരെ സഹായിക്കാനും സ്ത്രീശാക്തീകരണത്തിനും വഴിയൊരുക്കുന്ന ബില്ലാണിതെന്ന് അദ്ദേഹം പറഞ്ഞു.
വഖഫ് ആക്ട് വളരെ പഴക്കമേറിയതാണ്. ആവശ്യമായ തിരുത്തുകൾ നിയമത്തിൽ വരുത്തേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഇതിനായി കേന്ദ്രസർക്കാർ അഭിനന്ദനാർഹമായ ചുവടുവയ്പ്പാണ് നടത്തിയിരിക്കുന്നതെന്നും ബില്ലിനെ സ്വാഗതം ചെയ്യുകയാണെന്നും എ അബൂബക്കർ വ്യക്തമാക്കി. ചില സംഘടനകളും രാഷ്‌ട്രീയ പാർട്ടികളും ബില്ലിനെ എതിർക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. പുതിയ ഭേദഗതി സ്ത്രീശാക്തീകരണത്തിന് വഴിയൊരുക്കും. പാവപ്പെട്ടവർക്ക് ഗുണകരമാകുന്ന മാറ്റങ്ങളാണ് ബില്ലിൽ പരാമർശിക്കുന്നതെന്നും ഹജ്ജ് അസോസിയേഷൻ സൂചിപ്പിച്ചു.
ഫലപ്രദമായ നിയമം രൂപീകരിക്കുന്നതിന് വേണ്ടിയുള്ള സുപ്രധാന ചുവടുവയ്പ്പാണ് വഖഫ് ഭേദഗതി ബില്ലെന്ന് ഹജ്ജ് കമ്മിറ്റി ചെയർപേഴ്സൺ കൗസർ ജഹാനും പ്രതികരിച്ചു. സുതാര്യവും ഉത്തരവാദിത്വപൂർണവുമായ നിയമം നടപ്പിലാക്കാൻ ബിൽ സഹായിക്കും. എല്ലാ മുസ്ലീം സമുദായത്തിൽ നിന്നുള്ളവരുടെയും പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെടുന്ന ബില്ലാണിത്. 21-ാം നൂറ്റാണ്ടിലെ ഏറ്റവും സുപ്രധാനമായ ആവശ്യങ്ങളിലൊന്നാണ് സ്ത്രീകളുടെ പ്രാതിനിധ്യം. ഇക്കാര്യവും ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും എന്താണ് പ്രതിപക്ഷം വിയോജിക്കാൻ കാരണമെന്ന് മനസിലാകുന്നില്ല. പ്രതിപക്ഷം സ്ത്രീവിരുദ്ധരാണോയെന്നും കൗസർ ജഹാൻ ചോദിച്ചു.
വഖഫ് ഭൂമി കൃത്യമായി തരംതിരിക്കുകയും പരിശോധിക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് എന്തെങ്കിലും തർക്കമുണ്ടെങ്കിൽ അതിന് നിയമപരമായ പരിഹാരം ആവശ്യമാണ്. വഖഫ് നിയമത്തിൽ ഭേദഗതി വരുത്തുന്നതോടെ വഖഫ് ബോർഡ് കൂടുതൽ ഉത്തരവാദിത്വമുള്ളതാകുമെന്നും അഴിമതി നടത്താനുള്ള സാധ്യതകൾ കുറയുമെന്നും അവർ കൂട്ടിച്ചേർത്തു.
കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു ലോക്സഭയിൽ വഖഫ് ഭേദഗതി ബിൽ അവതരിപ്പിച്ചിരുന്നു. പ്രതിപക്ഷം എതിർപ്പ് പ്രകടിപ്പിച്ച സാഹചര്യത്തിൽ സംയുക്ത പാർലമെന്ററി സമിതിക്ക് ബിൽ വിടുകയായിരുന്നു. സൂക്ഷ്മ പരിശോധന വേണമെന്ന പ്രതിപക്ഷാവശ്യം പരിഗണിച്ചാണ് നടപടി.