ചരിത്രത്തിന്റെ ഭാഗമായതിൽ അഭിമാനമെന്ന് പി ആർ ശ്രീജേഷ്. പാരിസിൽ തനിക്ക് ലഭിച്ച മികച്ച യാത്രയയപ്പാണെന്നും എല്ലാവരുടെയും പ്രശംസയ്‌ക്ക് നന്ദിയെന്നും മത്സര ശേഷം ശ്രീജേഷ് പ്രതികരിച്ചു. ഹോക്കിയെ കുറിച്ചുള്ള ഭാവി കാര്യങ്ങൾ പിന്നീട് തീരുമാനിക്കുമെന്നും മലയാളത്തിലെ സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അവസാന മിനിറ്റുകളിലെ ശ്രീജേഷിന്റെ തകർപ്പൻ സേവുകളാണ് തുടർച്ചയായ രണ്ടാം തവണയും ഇന്ത്യക്ക് ഒളിമ്പിക്‌സ് മെഡൽ സമ്മാനിച്ചത്.
”ചില ചരിത്രം നമുക്ക് വേണ്ടി വഴിമാറുമെന്നതിന്റെ ഉദാഹരണമാണ് പാരിസിലെ മെഡൽ നേട്ടം. ഹോക്കി കേരളത്തിന്റെ ജനപ്രിയ വിനോദമല്ല. പക്ഷേ പി ആർ ശ്രീജേഷ് ഹോക്കി താരമാണെന്ന് കേരളത്തിലെ ജനങ്ങൾ അഭിമാനത്തോടെ പറയുന്നു. ചരിത്രത്തിന്റെ ഭാഗമായതിൽ സന്തോഷം. ഒരു ടീം മുഴുവൻ കൂടെ നിന്നാണ് മികച്ച യാത്രയയപ്പ് നൽകിയതും. ഒളിമ്പിക്‌സ് മെഡൽ സ്വന്തമാക്കിയാണ് മടങ്ങുന്നത്. എനിക്ക് വേണ്ടിയാണ് മെഡൽ നേട്ടമെന്ന് ടീം അംഗങ്ങൾ പറയുമ്പോൾ ഇതിൽ പരം സന്തോഷമില്ല. തോൽവിയോടെ ആരംഭിച്ച കരിയർ മെഡൽ നേട്ടത്തോടെ അവസാനിപ്പിക്കണമെന്ന ആഗ്രഹം സഫലമായി”. – ശ്രീജേഷ് പറഞ്ഞു.
കിഴക്കമ്പലത്തെ വസതിയിലെത്തി കുടുംബത്തെ കണ്ട് സന്തോഷം പങ്കിടാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ശ്രീജേഷ് പറഞ്ഞു. ഡൽഹിയിലേക്കൊരു യാത്ര എന്നാണ് കരിയറിനെ ഞാനെപ്പോഴും വിശേഷിപ്പിക്കാറുള്ളത്. സെക്കന്റ് ക്ലാസിൽ ബാത്ത്‌റൂമിന്റെ അടുത്തിരുന്ന്, തിരിച്ചുള്ള യാത്ര ഡൽഹിയിൽ നിന്ന് ബിസിനസ് ക്ലാസിൽ കൊച്ചിയിലേക്ക്. അതാണെന്റെ ജീവിതമെന്നും ശ്രീ പറഞ്ഞു.
രണ്ട് പതിറ്റാണ്ടിനടുത്ത് ടീമിന്റെ ഗോൾവല കാത്താണ് ഇതിഹാസ താരം പടിയിറങ്ങുന്നത്. അതും രണ്ട് ഒളിമ്പിക്‌സ് മെഡൽ സ്വന്തമാക്കുന്ന മലയാളിയെന്ന നേട്ടത്തോടെ.