റാവൽപിണ്ടി: പാകിസ്താനിൽ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ളത് ബോധമില്ലാത്ത സർക്കാരാണെന്നും വൈകാതെ തന്നെ ഇതിന് ഒരു അവസാനമുണ്ടാകുമെന്നും പാകിസ്താൻ തെഹ്രീകെ ഇൻസാഫ് സ്ഥാപകനും മുൻ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാൻ. നിലവിൽ അഡിയാല ജയിലിൽ തടവിൽ കഴിയുന്ന ഇമ്രാൻ ഖാൻ മാദ്ധ്യമപ്രവർത്തകരോട് ഇക്കാര്യം പറഞ്ഞത്.
അധികാരത്തിലിരിക്കുന്ന സർക്കാർ രാജ്യത്തിന്റെ അവസ്ഥ മനസിലാക്കുന്നില്ലെന്നും, കൂടുതൽ കുഴപ്പങ്ങളിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്നും ഇമ്രാൻ ഖാൻ വിമർശനം ഉന്നയിച്ചു. ” രാജ്യത്ത് എന്താണ് സംഭവിക്കുന്നത് എന്ന് സർക്കാർ മനസിലാക്കുന്നില്ല. വിഡ്ഢിത്തരങ്ങളാണ് ഇവർ ചെയ്ത് കൂട്ടുന്നത്. സർക്കാരിന്റെ ഓരോ പ്രവർത്തനങ്ങളും ഇപ്പോഴുള്ള സാഹചര്യങ്ങളെ കൂടുതൽ മോശം അവസ്ഥയിലേക്കാണ് കൊണ്ടുപോകുന്നത്. പക്ഷേ വൈകാതെ തന്നെ ഇതിനെല്ലാം അവസാനമുണ്ടാകും.
മെയ് 9ന് രാജ്യത്തുണ്ടായ കലാപത്തിന് കാരണക്കാരായവരെ കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വിടണം. പിടിഐയുടെ ഒരു പ്രവർത്തകനെ എങ്കിലും അതിൽ കണ്ടെത്താൻ കഴിഞ്ഞാൽ അവരെ പരസ്യമായി മാപ്പ് പറയിപ്പിക്കുകയും പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്യും. എന്റെ പാർട്ടിയെ ഇല്ലാതാക്കാനാണ് ഈ സർക്കാർ ശ്രമിക്കുന്നത്. ഈ സാഹചര്യത്തിൽ ഒരു തെരഞ്ഞെടുപ്പ് നടന്നാൽ അതിന്റെ ഫലം അംഗീകരിക്കില്ലെന്നും” ഇമ്രാൻ ഖാൻ പറയുന്നു.