ഒളിമ്പിക്‌സ് മെഡൽ നേട്ടം വയനാട്ടിലെ ജനങ്ങൾക്ക് സമർപ്പിക്കുന്നുവെന്ന് പി ആർ ശ്രീജേഷ്. സ്വപ്‌ന തുല്യമായ യാത്രയയപ്പ് ലഭിച്ചതിൽ വളരെ സന്തോഷമുണ്ട്. ഒരു മെഡലുമായി വിടവാങ്ങുന്നത് ഏറ്റവും സന്തോഷകരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളം ഹോക്കിയെ ഏറ്റെടുക്കേണ്ട സമയമായെന്നും കുട്ടികളെ ഹോക്കിയിലേക്ക് കൊണ്ടു വരണമെന്നും ശ്രീജേഷ് ആവശ്യപ്പെട്ടു. കുട്ടികൾക്ക് ഒരു റോൾ മോഡലിനെയാണ് ആവശ്യമെങ്കിൽ രണ്ട് ഒളിമ്പിക്‌സ് മെഡലുമായി താനുണ്ട്. താരമെന്ന നിലയിൽ ഇതിൽ കൂടുതൽ എന്താണ് കേരളത്തിന് വേണ്ടി ചെയ്യാനാവുകയെന്നും അദ്ദേഹം പറഞ്ഞു.
പാരിസ് ഒളിമ്പിക്സോടെ വിരമിക്കൽ പ്രഖ്യാപിച്ച ശ്രീജേഷിന് വീരോചിതമായ യാത്രയയപ്പാണ് ടീം ഇന്ത്യ നൽകിയത്. വെങ്കലമെഡൽ പോരാട്ടത്തിലും ഇന്ത്യയുടെ വന്മതിലായ ശ്രീജേഷ് നിർണായക സേവുകളുമായി കളംനിറഞ്ഞു. രണ്ട് ഒളിമ്പിക്‌സ് മെഡൽ കരസ്ഥമാക്കുന്ന ആദ്യ മലയാളി താരമെന്ന നേട്ടവും ശ്രീയുടെ പേരിലായി.















