തുടർച്ചയായി ഒൻപതാം തവണയും ആർബിഐ റിപ്പോ നിരക്കിൽ മാറ്റമില്ല. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയ അവലോകനത്തിൽ സുപ്രധാന മാറ്റങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
- ഒറ്റ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് ഒന്നിലധികം പേർക്ക് യുപിഐ ഇടപാട് നടത്താനുള്ള സൗകര്യമാണ് ഇതിൽ പ്രധാനം. സ്വന്തമായി അക്കൗണ്ടില്ലാത്തയാൾക്കും മറ്റൊരാളുടെ ബാങ്ക് അക്കൗണ്ടിലെ പണം ഉപയോഗിക്കാൻ സാധിക്കുന്ന ഡെലിഗേറ്റഡ് പേയ്മെന്റ് സൗകര്യമാണ് ആർബിഐ അവതരിപ്പിച്ചത്. കുട്ടികൾക്ക് ഈ സൗകര്യം ഏറെ ഉപകാരപ്രദമാകും.
- യുപിഐ വഴി പണമിടപാടുകൾ നടത്തുന്നതിനുള്ള പരിധി ഒരു ലക്ഷത്തിൽ നിന്ന് അഞ്ച് ലക്ഷം രൂപയാക്കി ഉയർത്തി. മൂലധന വിപണികൾ, IPO സബ്‌സ്‌ക്രിപ്‌ഷനുകൾ, വായ്പ വീണ്ടെടുക്കൽ, ഇൻഷുറൻസ്, മെഡിക്കൽ, വിദ്യാഭ്യാസ സേവനങ്ങൾ തുടങ്ങിയ വിഭാഗങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
- വായ്പയെടുത്ത വ്യക്തിയുടെ തിരിച്ചടവ് സംബന്ധിച്ച വിവരങ്ങൾ വായ്പാദാതാക്കൾ ഓരോ രണ്ടാഴ്ചയിലും ഇനി ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികൾക്ക് കൈമാറാം. ക്രെഡിറ്റ് വിവരങ്ങൾ സിബിൽ പോലുള്ള ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികൾക്ക് നിലവിൽ മാസത്തിലാണ് ലഭിക്കുന്നത്.
- മണിക്കൂറുകൾക്കുള്ളിൽ ചെക്ക് ക്ലിയറൻസിനുള്ള നടപടികൾ പൂർത്തിയാക്കുന്ന സംവിധാനവും അവതരിപ്പിച്ചു. ചെക്കുകൾ സ്കാൻചെയ്ത് പാസാക്കുന്നതിലൂടെ മണിക്കൂറുകൾക്കുള്ളിൽ ചെക്ക് ക്ലിയറൻസ് പൂർത്തിയാകും.
- രാജ്യത്തെ ഓൺലൈൻ വായ്പ ആപ്പുകളുടെ പൊതുശേഖരം നടത്താനും ആർബിഐ പദ്ധതിയിടുന്നുണ്ട്. വായ്‌പ ആപ്പുകളുടെ എണ്ണം വർധിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിനും ഇതുവഴിയുള്ള തട്ടിപ്പുകൾ ഇല്ലാതാക്കുന്നതും ലക്ഷ്യം വച്ചാണ് പുതിയ നീക്കം.