ന്യൂഡൽഹി: പാരിസ് ഒളിമ്പിക്സിൽ രാജ്യത്തിനുവേണ്ടി വെള്ളിമെഡൽ നേടിയ നീരജ് ചോപ്രയ്‌ക്ക് അഭിനന്ദനവുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. കഠിനാധ്വാനത്തിന്റെയും അർപ്പണബോധത്തിന്റെയും സ്ഥിരതയുടെയും പ്രതിരൂപമാണ് നീരജെന്നും അദ്ദേഹത്തിന്റെ വിജയം രാജ്യത്തെയാകെ സന്തോഷിപ്പിച്ചെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ 89.45 മീറ്റർ എറിഞ്ഞാണ് നീരജ് ചോപ്ര വെള്ളി മെഡൽ സ്വന്തമാക്കിയത്.
“പാരിസ് ഒളിമ്പിക്സ് 2024 ലെ പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ അസാമാന്യ പ്രകടനം കാഴ്ചവച്ച് വെള്ളി മെഡൽ നേടിയ നീരജ് ചോപ്രയ്‌ക്ക് അഭിനന്ദനങ്ങൾ,” രാജ്‌നാഥ് സിംഗ് എക്‌സിൽ കുറിച്ചു. തുടർച്ചയായി രണ്ട് ഒളിമ്പിക്സുകളിലും മെഡൽ നേടുന്ന ഇന്ത്യൻ അത്‌ലറ്റ് കൂടിയാണ് നീരജ്.
സൈന്യത്തിൽ സുബേദാറായി സേവനമനുഷ്ഠിക്കുന്ന നീരജ് ചോപ്രയ്‌ക്ക് ഇന്ത്യൻ ആർമിയും ആശംസകൾ അറിയിച്ചു. “സുബേദാർ മേജർ നീരജ് ചോപ്ര രാജ്യത്തെ അഭിമാനത്തിന്റെ നെറുകയിലെത്തിച്ചു. പാരിസ് ഒളിമ്പിക്സിൽ വെള്ളിമെഡൽ കരസ്ഥമാക്കിയ നീരജിന് സൈന്യത്തിന്റെ അഭിനന്ദനങ്ങൾ,” ഇന്ത്യൻ സൈന്യം എക്‌സിൽ പങ്കുവച്ച പോസ്റ്റിൽ കുറിച്ചു.
മത്സരത്തിൽ രണ്ടാം ശ്രമത്തിലാണ് നീരജിന്റെ മികച്ച ത്രോ പിറന്നത്. എന്നാൽ തുടർച്ചയായ നാല് ഫൗളുകളാണ് സ്വർണ മെഡൽ മോഹങ്ങൾക്ക് തിരിച്ചടിയായത്. 89.45 മീറ്റർ എന്നത് നീരജിന്റെ രണ്ടാമത്തെ മികച്ച പ്രകടനമായിരുന്നുവെങ്കിലും സ്വർണം നിലനിർത്താൻ അത് പര്യാപ്തമായിരുന്നില്ല . 92 .97 മീറ്റർ എറിഞ്ഞ പാകിസ്താന്റെ അർഷാദ് നദീമാണ് സ്വർണം നേടിയത്.