ധാക്ക: പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് ഷെയ്ഖ് ഹസീനയ്‌ക്ക് പലായനം ചെയ്യേണ്ടി വന്നതോടെ ഭീകരർ ഉൾപ്പടെ 1,200 തടവുകാർ ബംഗ്ലാദേശിലെ ജയിലുകളിൽ നിന്നും രക്ഷപ്പെട്ടതായി റിപ്പോർട്ട്. ജയിൽ മോചിതരായ കുറ്റവാളികൾ സായുധരായി ഇന്ത്യൻ അതിർത്തിയിൽ എത്തിയേക്കാമെന്നും അവർ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമം നടത്തിയേക്കുമെന്നും മുന്നറിയിപ്പുണ്ട്. ഈ സാഹചര്യത്തിൽ അതിർത്തി കാക്കുന്ന ബിഎസ്എഫിന് കർശന ജാഗ്രതാ നിർദേശമാണ് ലഭിച്ചിരിക്കുന്നത്.
ബംഗ്ലാദേശിൽ കലാപം രൂക്ഷമായത് മുതൽ അതിർത്തിയിൽ കനത്ത ജാഗ്രതയിലാണ് ബിഎസ്എഫ്. രാജ്യത്തെ സംഘർഷ സാഹചര്യം മുതലെടുത്ത് കള്ളക്കടത്ത് സംഘങ്ങൾ അതിർത്തി കടക്കാനുള്ള സാധ്യത മുന്നിൽക്കണ്ടാണിത്. ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ 4,096 കിലോ മീറ്റർ ദൂരം അതിർത്തി മേഖല പങ്കിടുന്നുണ്ട്.
ഷെയ്ഖ് ഹസീനയുടെ നിർബന്ധിത രാജിക്ക് ശേഷം ഭരണമേറ്റെടുത്ത പട്ടാളം ഇപ്പോൾ ഇടക്കാല സർക്കാർ രൂപീകരിച്ചിരിക്കുകയാണ്. നൊബേൽ ജേതാവും സാമ്പത്തിക വിദഗ്ധനുമായ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. യൂനുസിന് ആശംസകൾ അറിയിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി, ബംഗ്ലാദേശിലെ ഹിന്ദുക്കൾ ഉൾപ്പടെയുള്ള ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ബംഗ്ലാദേശ് സർക്കാരിനെതിരെയുള്ള കലാപത്തിന്റെ മറവിൽ രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് നേരെ വ്യാപക അക്രമം നടന്നതിന്റെ പശ്ചാത്തലത്തിലാണ് മോദിയുടെ വാക്കുകൾ.