ബാഗ്ദാദ്: രാജ്യത്തെ പെൺകുട്ടികളുടെ വിവാഹ പ്രായം 9 ആക്കണമെന്ന ബില്ലുമായി ഇറാഖ് പാർലമെന്റ്. ഇറാഖിലെ നീതിന്യായ മന്ത്രാലയമാണ് ബിൽ അവതരിപ്പിച്ചത്. നിലവിൽ രാജ്യത്തെ പെൺകുട്ടികളുടെ നിയമപരമായ വിവാഹപ്രായം 18 വയസാണ്.
ബിൽ പാസായാൽ ഇറാഖിലെ പെൺകുട്ടികളെ ഒമ്പത് വയസാകുമ്പോഴേക്കും വിവാഹം കഴിപ്പിക്കാം. ആൺകുട്ടികൾക്ക് 15 വയസാകുമ്പോഴേക്കും വിവാഹം കഴിക്കാനുള്ള അനുമതിയും ലഭിക്കും.
ബില്ലിനെതിരെ വ്യാപകമായ വിമർശനമാണ് സാമൂഹ്യപ്രവർത്തകർ ഉന്നയിക്കുന്നത്. കുട്ടികളെ ദുരുപയോഗം ചെയ്യുന്നത് അടക്കമുള്ള പ്രശ്നങ്ങളിലേക്ക് നിയമം വഴിയൊരുക്കുമെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. സ്ത്രീകളുടെ അവകാശങ്ങൾക്കും ലിംഗസമത്വത്തിനും വേണ്ടി ദശാബ്ദങ്ങളായി നടത്തി വരുന്ന പോരാട്ടം വെറുതെയാകുമെന്നും വിമർശകർ പറയുന്നു.
ഐക്യരാഷ്‌ട്ര സഭ കുട്ടികൾക്ക് വേണ്ടി രൂപീകരിച്ചിട്ടുള്ള യുണിസെഫ് (UNICEF) എന്ന ഏജൻസി പുറത്തുവിടുന്ന കണക്കുകൾ പ്രകാരം ഇറാഖിലെ 28 ശതമാനം പെൺകുട്ടികളും 18 വയസിന് മുൻപ് വിവാഹിതരാകുന്നവരാണ്.