തൃശൂർ: ബസിൽ കയറിയ പ്ലസ് വൺ വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയ കണ്ടക്ടർക്കെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. തൃശൂർ-മെഡിക്കൽ കോളേജ് റൂട്ടിൽ ഓടുന്ന പ്രൈവറ്റ് ബസ് കണ്ടക്ടർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. പെൺകുട്ടിയുടെ പിതാവ് ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും കാര്യമായ നടപടികളുണ്ടായിരുന്നില്ല.
തൃശൂർ വടക്കേ ബസ് സ്റ്റാന്റിൽ വച്ചായിരുന്നു സംഭവം. ബസിൽ കയറിയ വിദ്യാർത്ഥിനിയോട് കണ്ടക്ടർ ബസിൽ നിന്നും ഇറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. ഇത് വിസമ്മതിച്ചതോടെ ഇയാൾ പെൺകുട്ടിക്കെതിരെ അസഭ്യ വർഷം നടത്തുകയായിരുന്നു. മറ്റു യാത്രക്കാർ ഇത് ചോദ്യം ചെയ്‌തെങ്കിലും ഇയാൾ ഇവർക്ക് നേരെയും തട്ടിക്കയറി.
മകളോട് മോശമായി പെരുമാറിയ കണ്ടക്ടർക്കെതിരെ പെൺകുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പൊലീസ് പരാതിക്കാരനറിയാതെ 250 രൂപ പിഴത്തുക വാങ്ങി ഈ കേസ് ഒത്തുതീർപ്പാക്കുകയായിരുന്നു. ഇതിനെത്തുടർന്നാണ് വിദ്യാർത്ഥിനിയുടെ പിതാവ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. പിതാവിന്റെ പരാതിയിൽ കമ്മീഷൻ കണ്ടക്ടർക്കെതിരെ കേസെടുത്തു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് തൃശൂർ ഈസ്റ്റ് പൊലീസിന് നിർദ്ദേശവും നൽകി.