ന്യൂഡൽഹി: ചൈനയെ മറികടന്ന് ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ഇരുചക്രവാഹന വിപണിയായി മാറുമെന്ന് റിപ്പോർട്ട്. അതിവേഗത്തിലുള്ള സാമ്പത്തിക വളർച്ച, ഹ്രസ്വദൂര യാത്രകൾക്കുള്ള മുൻഗണന എന്നീ കാര്യങ്ങൾ ചൈനയെ മറികടക്കാൻ ഇന്ത്യയെ സഹായിക്കുമെന്ന് കൗണ്ടർപോയിൻ്റ് റിസർച്ച് പറയുന്നു.
രാജ്യത്ത് ഇലക്‌ട്രിക് വാഹനങ്ങളുടെ വിപണിയും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. 2023 ൽ ഒരു ശതമാനത്തിൽ താഴെ മാത്രമായിരുന്ന ഇരുചക്ര വാഹന വിപണിയുടെ വളർച്ച ഈ വർഷം വൻ കുതിച്ചു ചാട്ടം ഉണ്ടായതായും കണക്കുകൾ സൂചിപ്പിക്കുന്നു. ഇതിൽ ആവശ്യക്കാർ ഏറെയും ഇലക്‌ട്രിക് ടൂ വീലര്‍ വാഹനത്തിനാണ്.
2025ന് ശേഷം ഇലക്‌ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം രാജ്യത്ത് ഗണ്യമായി ഉയരുമെന്നും പഠനങ്ങള്‍ പറയുന്നു. ഇലക്ട്രിക്ക് വാഹന നിര്‍മ്മാതാക്കളില്‍ മികച്ച പത്ത് ബ്രാൻഡുകളിൽ മൂന്നെണ്ണം ഇന്ത്യയില്‍ നിന്നുള്ള Ola Electric, TVS Motor, Ather Energy എന്നിവയാണ്. 2024ൽ നാലുചക്ര ഇലക്ട്രിക് വാഹനങ്ങളുടെ വിപണിയേക്കാൾ 1.5 മടങ്ങ് വർദ്ധനവ് ഇരുചക്രവാഹന വിപണിയിൽ രേഖപ്പെടുത്തുമെന്നാണ് പഠനങ്ങൾ വിലയിരുത്തുന്നത്.















