പാരിസ്:ഒളിമ്പിക്സ് സമാപനത്തിൽ ഷൂട്ടർ മനുഭാക്കറിനൊപ്പം പി.ആർ ശ്രീജേഷ് ഇന്ത്യൻ പതാകയേന്തും. ഇന്ത്യൻ ഹോക്കി ടീമിന്റെ കാവലാളായ ശ്രീജേഷിനെ പുരുഷ വിഭാഗത്തിൽ പതാകയേന്താൻ നിയോഗിച്ച കാര്യം ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനാണ് എക്സ് വഴി അറിയിച്ചത്.
രണ്ടുപതിറ്റാണ്ടോളം ഇന്ത്യൻ ഹോക്കിയുടെ ഗോൾവല കാത്ത ശ്രീജേഷിന്റെ സമർപ്പണത്തിന് ലഭിക്കുന്ന മറ്റൊര് ആദരവാണിത്. പുരുഷ ഹോക്കിയിൽ തുടർച്ചയായ രണ്ടാമതും വെങ്കല മെഡൽ സമ്മാനിക്കുന്നതിൽ ശ്രീജേഷ് വലിയൊരു പങ്കാണ് വഹിച്ചത്. എണ്ണം പറഞ്ഞ സേവുകളുമായി സ്പെയിനിനെതിരെയുള്ള മത്സരത്തിൽ മിന്നും ഫോമിലായിരുന്നു താരം. നാട്ടിലേക്ക് മടങ്ങിയ മനുഭാക്കർ ഇന്ന് പാരിസിലേക്ക് പറക്കും. ഷുട്ടിംഗിൽ അഭിമാനമായ താരം രണ്ടു വെങ്കലം നേടിയിരുന്നു.