ന്യൂഡൽഹി: നീറ്റ്-പിജി പരീക്ഷ മാറ്റിവയ്‌ക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി. ഓഗസ്റ്റ് 11ന് നടക്കാനിരിക്കുന്ന പരീക്ഷ നീട്ടിവയ്‌ക്കണമെന്ന ആവശ്യമാണ് നിരസിച്ചത്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.പി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം. രണ്ട് ലക്ഷത്തോളം വരുന്ന വിദ്യാർത്ഥികളുടെ കരിയർ അപകടത്തിലാക്കാൻ കഴിയില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു.
National Eligibility-cum-Entrance Test അഥവാ നീറ്റിന്റെ പിജി പരീക്ഷ ജൂൺ 23ന് നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാൽ ദേശീയ പരീക്ഷാ ഏജൻസിയുടെ നേതൃത്വത്തിൽ നടന്ന നീറ്റ്-യുജി പരീക്ഷയിലും നെറ്റ് പരീക്ഷയിലും ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് നീറ്റ്-പിജി പരീക്ഷ ഓഗസ്റ്റ് 11ന് മാറ്റിവയ്‌ക്കുകയായിരുന്നു.
പരീക്ഷ നടക്കാൻ രണ്ട് ദിവസം ബാക്കി നിൽക്കെ മാറ്റിവയ്‌ക്കണമെന്ന് ഉത്തരവിടാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കുറച്ച് കുട്ടികളുടെ താത്പര്യം പരീക്ഷ മാറ്റിവയ്‌ക്കുന്നതിലാണെന്ന് കരുതി രണ്ട് ലക്ഷത്തോളം വിദ്യാർത്ഥികളുടെ കരിയർ ഹോമിക്കാൻ കഴിയില്ല. പരീക്ഷ ഇനിയും മാറ്റിവച്ചാൽ അത് ബാധിക്കുന്നത് രണ്ട് ലക്ഷം കുട്ടികളെയും നാല് ലക്ഷത്തോളം മാതാപിതാക്കളെയുമാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.