തിരുവനന്തപുരം: കർക്കടകത്തിലെ നിറപുത്തരിക്ക് ഒരുങ്ങി ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം. തിങ്കളാഴ്ച രാവിലെ 5.45നും 6.30നും ഇടയിലാണ് നിറപുത്തരി ചടങ്ങുകൾ നടക്കുക. പുത്തരിക്കണ്ടം മൈതാനത്ത് നഗരസഭയുടെ നേതൃത്വത്തിൽ കൃഷി ചെയ്ത നെൽകതിരുകൾ ഇതിനായി എത്തിച്ചിട്ടുണ്ട്.
പദ്മതീർത്ഥത്തിന്റെ തെക്കേ കൽമണ്ഡപത്തിൽ നിന്ന് തലയിലേറ്റി എഴുന്നള്ളിക്കുന്ന കതിർക്കറ്റകൾ ശീവേലിപ്പുരയിലൂടെ പ്രദക്ഷിണം വച്ച് അഭിശ്രവണ മണ്ഡപത്തിൽ സിംഹാസനത്തിൽ സമർപ്പിക്കും. പിന്നീട് പെരിയനമ്പിയുടെ പൂജയ്‌ക്ക് ശേഷം ശ്രീകോവിലുകളിൽ കതിർ നിറയ്‌ക്കും. തുടർന്ന് അവിൽ നിവേദ്യവും നടക്കും.
പൂജകൾക്കും നേദ്യത്തിനും ശേഷം അവിലും കതിരും ഭക്തർക്ക് കൗണ്ടറുകളിൽ നിന്നും വാങ്ങാം. കഴിഞ്ഞ ദിവസം തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തിലാണ് നെൽകതിരുകൾ ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുര നടയിൽ എത്തിച്ചത്.















