ബെംഗളൂരു: ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ടെൽ അവീവിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ചതായി എയർ ഇന്ത്യ. മിഡിൽ ഈസ്റ്റിൽ നിലനിൽക്കുന്ന സംഘർഷാവസ്‌ഥ കണക്കിലെടുത്താണ് ടെൽ അവീവിലേക്കും തിരിച്ചും ഉള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തുന്നതെന്ന് എയർ ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു.
സ്‌ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് വ്യക്തമാക്കിയ എയർഇന്ത്യ ഇതിനകം ബുക്ക് ചെയ്ത യാത്രക്കാർക്ക് മുഴുവൻ തുകയും റീഫണ്ടായി നൽകുമെന്നും അറിയിച്ചു. കസ്റ്റമേഴ്‌സിന്റെയും ജീവനക്കാരുടെയും സുരക്ഷയാണ് തങ്ങൾക്ക് പ്രധാനമെന്നും എയർ ഇന്ത്യ വ്യക്തമാക്കി. റീഫണ്ടിനെക്കുറിച്ചും റദ്ദാക്കിയ ഫ്ളൈറ്റിനെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന നമ്പറായ 011-69329333/011-69329999 ൽ ബന്ധപ്പെടാനും അഭ്യർഥിച്ചിട്ടുണ്ട്.
സംഘർഷാവസ്‌ഥ കണക്കിലെടുത്ത് കഴിഞ്ഞ ഓഗസ്റ്റ് 2 മുതൽ 8 വരെ ടെൽ അവീവിലെക്കും തിരിച്ചും ഉള്ള ഫ്‌ളൈറ്റുകൾ റദ്ദാക്കുന്നതായി എയർ ഇന്ത്യ അറിയിച്ചിരുന്നു. കഴിഞ്ഞ ജൂലൈ 31 ന് ടെഹ്‌റാനിലുണ്ടായ ആക്രമണത്തിൽ ഹമാസ് നേതാവ് ഇസ്മായിൽ ഹനിയേയും അദ്ദേഹത്തിന്റെ അംഗരക്ഷകരും കൊല്ലപ്പെട്ടത്തിനു ശേഷമാണ് ഇസ്രായേൽ -ഇറാൻ സംഘർഷം രൂക്ഷമായത്.















