മേപ്പാടി: ഉരുൾപൊട്ടലിൽ വ്യാപക നാശമുണ്ടായ മേഖലകളിൽ കാണാതായവർക്കായി നടത്തിയ ജനകീയ തെരച്ചിലിനിടെ കണ്ടെത്തിയ മൃതദേഹങ്ങൾ നീക്കം ചെയ്യാനായില്ല. സൂചിപ്പാറയിൽ കണ്ടെത്തിയ നാല് മൃതശരീരങ്ങളും അഴുകിയ നിലയിലാണ്. മൃതശരീരങ്ങൾ എയർലിഫ്റ്റ് ചെയ്യാനായിരുന്നു നീക്കം. എന്നാൽ സന്നദ്ധ പ്രവർത്തകർക്ക് പിപിഇ കിറ്റടക്കമുള്ള സുരക്ഷാ സംവിധാനങ്ങൾ എത്തിച്ച് നൽകാൻ സാധിക്കാതെ വന്നതോടെ ഇത് മുടങ്ങുകയായിരുന്നു.
8 പേരാണ് ആനയടികാപ്പിൽ തെരച്ചിലിനായി പോയത്. സൂചിപ്പാറയ്‌ക്ക് സമീപത്ത് നിന്നാണ് അഴുകിയ നിലയിൽ നാല് മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ കണ്ടെത്തിയത്. എന്നാൽ ദുർഗന്ധം വമിക്കുന്നതിനാൽ പിപിഇ കിറ്റും ഗ്ലൗസും അടക്കമുള്ള സുരക്ഷാ സംവിധാനങ്ങൾ നൽകണമെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചെങ്കിലും മൃതദേഹം പൊതിയാനുള്ള കവറുകളും ഗ്ലൗസുകളും മാത്രമാണ് എത്തിച്ചു നൽകിയത്.
മണിക്കൂറുകൾ കാത്തുനിന്നുവെന്നും എന്നാൽ പിപിഇ കിറ്റ് ലഭിക്കാത്തതിനാൽ മൃതദേഹങ്ങൾ എടുക്കാൻ സാധിച്ചില്ലെന്നും സന്നദ്ധ പ്രവർത്തകർ പറഞ്ഞു. കണ്ടെത്തിയ മൃതദേഹങ്ങൾ സൂചിപ്പാറയിൽ ഉപേക്ഷിച്ച് രക്ഷാപ്രവർത്തകരെ എയർലിഫ്റ്റ് ചെയ്യുകയായിരുന്നു.
അതേസമയം സംഭവത്തിൽ വിശദീകരണവുമായി ജില്ലാ ഭരണകൂടം രംഗത്തെത്തി. സമയം വൈകിയതിനാലാണ് മൃതദേഹങ്ങൾ എയർലിഫ്റ്റ് ചെയ്യാൻ സാധിക്കാതെ പോയതെന്നും നാളെ എയർ ലിഫ്റ്റ് ചെയ്യാൻ ശ്രമിക്കുമെന്നും കളക്ടറുടെ ഓഫീസ് അറിയിച്ചു.
എൻഡിആർഎഫ്, ഫയർഫോഴ്‌സ്, പോലിസ് വിഭാഗങ്ങൾക്കൊപ്പം റവന്യു വകുപ്പ് ജീവനക്കാരും പ്രദേശവാസികളും ജനപ്രതിനിധികളും സന്നദ്ധപ്രവർത്തകരുമാണ് മൃതദേഹങ്ങൾക്കായുള്ള ജനകീയ തെരച്ചിൽ നടത്തുന്നത്. രാവിലെ 7 മണിക്ക് തെരച്ചിൽ ആരംഭിച്ചിരുന്നു. ഇതിനിടയിൽ 10 മണിയോടെയാണ് സൂചിപ്പാറയിലെ അപകട മേഖലയിൽ നിന്നും മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇതോടെ അധികൃതരെ വിവരം അറിയിച്ചെങ്കിലും ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെന്ന് സന്നദ്ധപ്രവർത്തകർ അറിയിച്ചു.















