ബാഗ്ദാദ്: പെൺകുട്ടികളുടെ വിവാഹപ്രായം 9 വയസാക്കി കുറയ്‌ക്കാനുളള നിയമഭേദഗതിക്കെതിരെ ഇറാഖിൽ പ്രതിഷേധം ശക്തമാകുന്നു. ബില്ല് നിയമമായാൽ പെൺകുട്ടികളുടെ ആരോഗ്യവും വിദ്യാഭ്യാസവും ഉൾപ്പെടെ അപകടത്തിലാകുമെന്ന് ആക്ടിവിസ്റ്റുകൾ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം സെൻട്രൽ ബാഗ്ദാദിലെ തഹ്‌റീർ ചത്വരത്തിൽ ബില്ലിനെതിരെ പ്രതിഷേധം നടന്നിരുന്നു. വരും ദിവസങ്ങളിൽ ബാഗ്ദാദിലടക്കം വലിയ പ്രതിഷേധങ്ങൾക്കാണ് ഇവർ തയ്യാറെടുക്കുന്നത്.
1959 ലെ ഇറാഖി വ്യക്തിഗത സ്റ്റാറ്റസ് നിയമത്തിൽ ഭേദഗതി വരുത്തിയാണ് പെൺകുട്ടികളുടെ വിവാഹപ്രായം കുറയ്‌ക്കാൻ നീക്കം നടത്തുന്നത്. സംഭവത്തിൽ കടുത്ത ആശങ്ക ഉയർന്നുകഴിഞ്ഞു. കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഉപയോഗിക്കുന്നത് അടക്കമുളള കുറ്റകൃത്യങ്ങൾ ഗണ്യമായി വർദ്ധിക്കാനാകും ഇത് വഴിയൊരുക്കുകയെന്നാണ് വിമർശനം. പാർലമെന്റംഗമായ റയീദ് അൽ മാലികിയാണ് ബില്ല് അവതരിപ്പിച്ചത്.
കുട്ടികളുടെ അവകാശങ്ങൾക്കായുളള യുഎൻ ഏജൻസി യൂണിസെഫിന്റെ റിപ്പോർട്ട് അനുസരിച്ച് ഇറാഖിലെ 28 ശതമാനം സ്ത്രീകളും 18 വയസിന് മുൻപ് വിവാഹിതരായവരാണ്. രാജ്യത്തെ പിന്നോട്ടടിക്കുന്നതാണ് പുതിയ നിയമമെന്ന് ഹ്യൂമൻ റൈറ്റ്‌സ് വാച്ച് ഗവേഷക സറ സൻബാർ ചൂണ്ടിക്കാട്ടി. ഇറാഖ് വുമൺസ് നെറ്റ്‌വർക്കിലെ അമാൽ കബാഷിയും ബില്ലിനെ കടുത്ത ഭാഷയിലാണ് വിമർശിച്ചത്. കുടുംബകാര്യങ്ങളിൽ പുരുഷാധിപത്യത്തിനാകും ഇത് വഴിയൊരുക്കുകയെന്ന് കബാഷി ചൂണ്ടിക്കാട്ടി.
ശൈശവ വിവാഹങ്ങൾ വർദ്ധിക്കുന്നതോടെ വിദ്യാഭ്യാസത്തിൽ ഡ്രോപ്പ് ഔട്ടാകുന്ന പെൺകുട്ടികളുടെ എണ്ണം ഉയരുമെന്നും ചെറുപ്രായത്തിലെ ഗർഭധാരണം വർദ്ധിക്കുമെന്നും കുടുംബപ്രശ്‌നങ്ങളിൽ വർദ്ധന ഉണ്ടാകുമെന്നും ആക്ടിവിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ പെൺകുട്ടികളെ വഴിവിട്ട ബന്ധങ്ങളിൽ നിന്ന് തടയുന്നതിനാണ് നിയമമെന്നാണ് ബില്ലിനെ അനുകൂലിക്കുന്നവരുടെ വാദം. ഇതിലൂടെ ഇസ്ലാമിക നിയമങ്ങൾ കൂടുതൽ നിലവാരത്തിലേക്ക് ഉയരുമെന്നും ഇവർ വാദിക്കുന്നു.















