അടുത്ത വർഷം അവസാനത്തോടെ ദുബായിൽ ആകാശ ടാക്സിയിൽ പറക്കാം.പദ്ധതിക്ക് നേതൃത്വം നൽകുന്ന യു.എസ് ആസ്ഥാനമായ ജോബി ഏവിയേഷൻ ഉന്നത വൃത്തങ്ങളാണ് ഇതു സംബന്ധിച്ച് വെളിപ്പെടുത്തിയത്. എയർ ടാക്സികൾ വരുന്നതോടെ യാത്രാ സമയം 70 ശതമാനത്തോളം കുറയും.
2026നകം ദുബായിൽ എയർ ടാക്സി ആരംഭിക്കുന്നതിനുള്ള കരാറിൽ യുഎസ് ആസ്ഥാനമായുള്ള ഏവിയേഷൻ കമ്പനിയായ ജോബിയുമായി ആർടിഎ ഒപ്പുവെച്ചിരുന്നു . ദുബായ് വിമാനത്താവളം,ഡൗൺടൗൺ, മറീന, പാം ജുമൈറ എന്നിവിടങ്ങളിലായിരിക്കും ആദ്യഘട്ടത്തിൽ സർവീസ് നടത്തുക. എയർ ടാക്സിയിൽ ഒരാൾക്ക് യാത്ര ചെയ്യാനുള്ള ചെലവ് 350 ദിർഹമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യാത്രക്കാർക്ക് ആകാശത്ത് നിന്നുള്ള മനോഹരമായ നഗരക്കാഴ്ചകൾ ആസ്വദിക്കാനാകും വിധമാണ് എയർ ടാക്സി രൂപകൽപന ചെയ്തിരിക്കുന്നത്. എന്നാൽ പ്രകൃതിദൃശ്യങ്ങൾക്കപ്പുറം നഗരത്തിലെ ഗതാഗത കുരുക്കിൽപ്പെടാതെ യാത്ര ചെയ്യാം എന്നതാണ് ഏറ്റവും പ്രധാനം. ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് നിന്ന് പാം ജുമൈറയിലേയ്‌ക്ക് റോഡ് മാർഗം യാത്ര ചെയ്യാൻ 45 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ എടുക്കുമ്പോള്‍ എയർ ടാക്സിയിലിത് 10 മുതൽ 12 മിനിറ്റ് വരെയായിരിക്കും. ഒരേസമയം നാല് യാത്രക്കാർക്കും പൈലറ്റിനും ഇരിക്കാനും ബാഗേജുകള്‍ വയ്‌ക്കാനും സൗകര്യമുണ്ട്. ജോബി വികസിപ്പിച്ച ആപ്പ് വഴി യാത്രക്കാർക്ക് അവരുടെ എയർ ടാക്സി യാത്രകൾ ബുക്ക് ചെയ്യാൻ കഴിയും.