സാവോ പോളോ: ബ്രസീലിൽ തകർന്ന വിമാനത്തിൽ ഉണ്ടായിരുന്നത് 62 യാത്രക്കാർ. സംഭവത്തിൽ ആരും രക്ഷപെടാൻ സാദ്ധ്യതയില്ലെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങൾ പുറത്തുവിടുന്ന വിവരം. സാവോ പോളോയിലായിരുന്നു സംഭവം.
സാവോ പോളോ ആസ്ഥാനമായുളള വൊയേപാസ് എയർലൈൻസ് വിമാനമാണ് തകർന്നു വീണത്. 58 യാത്രക്കാരും നാല് ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. യാത്രയ്‌ക്കിടെ വിമാനം പ്രവർത്തനം നിലച്ച രീതിയിൽ നേരെ ലംബമായി താഴേക്ക് പതിക്കുകയായിരുന്നു. ആരും രക്ഷപെടാൻ സാധ്യതയില്ലെന്ന് പ്രാദേശിക അധികൃതരും സ്ഥിരീകരിക്കുന്നുണ്ട്.
അപകടത്തിന് ഇരയായവരുടെ കുടുംബങ്ങളോടൊപ്പം ചേർന്നുനിൽക്കുകയാണെന്ന് ബ്രസീലിയൻ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ വ്യക്തമാക്കി. സാവോ പോളോയിൽ വിൻഹെദോ നഗരത്തിന് സമീപം വലിനോസിലാണ് വിമാനം തകർന്നുവീണത്. തെക്കൻ ബ്രസീലിയൻ സംസ്ഥാനത്തെ കാസ്‌കാവലിൽ നിന്നും പറന്നുയർന്ന വിമാനമാണ് അപകടത്തിൽപെട്ടത്.















