ന്യൂഡൽഹി: ബംഗ്ലാദേശിൽ അടുത്തിടെ നടന്ന അക്രമസംഭവങ്ങളിൽ ഐഎസ്‌ഐക്ക് പങ്കുള്ളതായി സംശയിക്കുന്നുവെന്ന് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ മകൻ സജീബ് വസേദ് ജോയ്. തന്റെ അമ്മയുടെ പ്രസ്താവനകൾ വളച്ചൊടിക്കപ്പെടുകയായിരുന്നുവെന്നും, ആഭ്യന്തര പ്രശ്‌നങ്ങൾ എന്നതിലുപരിയായി ബാഹ്യശക്തികളാണ് രാജ്യത്ത് അശാന്തി സൃഷ്ടിച്ചതെന്നും സജീബ് ആരോപിച്ചു.
” അടുത്തിടെ ബംഗ്ലാദേശിൽ നടന്ന അക്രമസംഭവങ്ങളിൽ ഐഎസ്‌ഐയ്‌ക്ക് പങ്കുണ്ടെന്നാണ് ഞാൻ സംശയിക്കുന്നത്. സംവരണം സർക്കാർ നിർബന്ധമാക്കിയിരുന്നില്ല, കോടതി വിധി വഴി പഴയ രീതിയിലാണ് കാര്യങ്ങൾ മുന്നോട്ട് പോയിരുന്നത്. അങ്ങനെയുള്ള സാഹചര്യത്തിൽ എന്തിനാണ് പ്രതിഷേധം നടത്തുന്നത്. 2018ൽ ആദ്യ പ്രതിഷേധം നടന്നപ്പോൾ തന്നെ സർക്കാർ, പ്രതിഷേധത്തിന് കാരണമായ സംവരണം എടുത്ത് കളഞ്ഞിരുന്നു.
പ്രതിഷേധക്കാർക്കാണ് പൊലീസ് സുരക്ഷയൊരുക്കിയത്. പ്രതിഷേധക്കാരെ കുറിച്ച് അമ്മ പറഞ്ഞ വാക്കുകൾ വളച്ചൊടിച്ചു. അവരെ മോശം വാക്കുകൾ ഉപയോഗിച്ച് അഭിസംബോധന ചെയ്തുവെന്ന തെറ്റായ പ്രചരണം സമൂഹമാദ്ധ്യമങ്ങൾ വഴി നടന്നു. അർദ്ധരാത്രിയിലാണ് ഒരു സംഘം ആളുകൾ ധാക്ക സർവകലാശാലയിൽ മാർച്ച് നടത്തിയത്. ഞങ്ങളുടെ സംഘടനയുമായി അനുഭാവമുള്ള വിദ്യാർത്ഥി സംഘടനകളെ അവർ ഭീഷണിപ്പെടുത്തി. ഇതിന് പിന്നാലെയാണ് അക്രമം ആരംഭിച്ചത്.
അക്രമികളെ നേരിടാൻ പൊലീസ് വെടിയുതിർത്തു. ഇത് അവരുടെ തീരുമാനമായിരുന്നു. പൊലീസിന് അത് ചെയ്യാൻ അധികാരമില്ല. വെടിയുതിർക്കാൻ സർക്കാർ ഉത്തരവ് ഇട്ടിട്ടില്ല. ബലപ്രയോഗം നടത്തിയ പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു. അതിന് ശേഷമാണ് അവർ സർക്കാരിന്റെ രാജി ആവശ്യം ഉന്നയിച്ചത്. പൊലീസിനേയും അവർ തോക്കുകൾ ഉപയോഗിച്ച് ആക്രമിച്ചു. ഈ ആയുധങ്ങൾ ബംഗ്ലാദേശിലേക്ക് എവിടെ നിന്നാണ് കിട്ടിയത്. വിദ്യാർത്ഥികളുടെ കൈവശം ആയുധങ്ങൾ വരുമോ? അവർ ഒരിക്കലും വിദ്യാർത്ഥികളായിരുന്നില്ല. മറിച്ച് ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ച കലാപകാരികളായിരുന്നു.
നിലവിൽ ബംഗ്ലാദേശിൽ അധികാരമേറ്റ ഇടക്കാല സർക്കാർ ഭരണഘടനാ വിരുദ്ധമാണ്. രാജ്യത്ത് ജനാധിപത്യം പുന:സ്ഥാപിക്കണം. പ്രതിഷേധക്കാർ രാജ്യത്തെ ചെറിയൊരു വിഭാഗം മാത്രമാണ്. കോടിക്കണക്കിന് ആളുകളുടെ പിന്തുണ ഞങ്ങൾക്ക് ഇപ്പോഴുമുണ്ട്. അട്ടിമറി നടത്തിയാണ് അധികാരം പിടിച്ചെടുത്തത്. അധികാരത്തിൽ വന്ന് 12 മണിക്കൂറിനുള്ളിൽ തന്നെ അവർ തെറ്റായ തീരുമാനങ്ങൾ സ്വീകരിച്ച് കഴിഞ്ഞു. തെരഞ്ഞെടുപ്പിന് പ്രാധാന്യം കൊടുക്കുന്നില്ലെന്നാണ് അവർ പറഞ്ഞത്. കഴിഞ്ഞ 15 വർഷം രാജ്യത്ത് ന്യൂനപക്ഷങ്ങൾ സുരക്ഷിതരായിരുന്നു. ഇന്നവർ രാജ്യത്ത് നിന്ന് പലായനം ചെയ്യുന്നത് ഇടക്കാല സർക്കാരിന്റെ പരാജയം കൊണ്ടാണെന്നും” സജീബ് പറയുന്നു.















