തിരുവനന്തപുരം: ഇന്ത്യൻ ഹോക്കി താരം പി.ആർ ശ്രീജേഷിന് ഐഎഎസ് നൽകണമെന്നാവശ്യപ്പെട്ട് കേരള ഒളിമ്പിക് അസോസിയേഷൻ. ഒളിമ്പിക്സ് ഹോക്കിയിൽ വെങ്കല മെഡലോടെ രാജ്യാന്തര ഹോക്കിയിൽ നിന്ന് ശ്രീജേഷി വിരമിച്ചതിന് പിന്നാലെയാണ് ഒളിമ്പിക്സ് അസോസിയേഷന്റെ ആവശ്യം. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്ത് നൽകി.
മറ്റൊരു മലയാളി കായിക താരത്തിനും അവകാശപ്പെടാനില്ലാത്ത നേട്ടങ്ങളുടെ പെരുമ ശ്രീജേഷിനുണ്ട്. ലോകത്തിലെ തന്നെ ഇതിഹാസ താരമായാണ് അദ്ദേഹം വിരമിക്കുന്നത്. കേരളത്തിന്റെ കായിക രംഗത്തിനൊന്നാകെ പ്രചോദനമായ ശ്രീജേഷിന് ഐഎഎസ് പദവി നൽകി കേരള സർക്കാർ ആദരിക്കണമെന്ന് കത്തിൽ പറയുന്നു. നിലവിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ജോയിന്റ് ഡയറക്ടറാണ് ശ്രീജേഷ്.
ഹോക്കിക്ക് വേരോട്ടമില്ലാത്ത കേരളത്തിൽ നിന്നെത്തി രാജ്യത്തിന്റെ ഏറ്റവും വിശ്വസ്തനായ ഗോൾ കീപ്പറായി മാറിയ താരമാണ് ശ്രീജേഷ്. ഗോൾപോസ്റ്റിലെ അസാധാരണമായ മിടുക്കുകൾ കൊണ്ട് ‘സൂപ്പർമാൻ’ എന്ന വിളിപ്പേര് നേടിയെടുത്ത ശ്രീജേഷിനെ ‘ഇന്ത്യൻ ഹോക്കിയുടെ വൻമതിൽ’ എന്നാണ് ദേശീയ മാദ്ധ്യമങ്ങൾ വാഴ്‌ത്തിയിരുന്നത്. 20 വർഷം നീണ്ട കരിയറിനാണ് അദ്ദേഹം പാരിസിൽ ഫുൾസ്റ്റോപ്പിട്ടത്.















