മൈസൂരു: മുഡ അഴിമതിക്കേസിൽ പെട്ട സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും ജെഡിഎഎസ്സും സംയുക്തമായി സംഘടിപ്പിച്ച മൈസൂരു ചലോ പദയാത്ര വൻ ജനപങ്കാളിത്തത്തോടെ സമാപിച്ചു.
ഒരാഴ്ച നീണ്ടു നിന്ന പദയാത്ര വെള്ളിയാഴ്ച വൈകീട്ട് ആണ് മൈസൂരിൽ എത്തിച്ചേർന്നത്. 132 കിലോമീറ്റർ ദൂരമാണ് പദയാത്രയിൽ പിന്നിട്ടത്.

മുഡയിലെയും കർണാടക മഹർഷി വാൽമീകി എസ്ടി വികസന കോർപ്പറേഷനിലെയും ക്രമക്കേടുകളെക്കുറിച്ചുള്ള സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ട് ഇന്ന് ഇരുകക്ഷികളും ചേർന്ന് പൊതുയോഗം സംഘടിപ്പിക്കും.
സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്ക് മുഡയുടെ വ്യാജ സൈറ്റുകൾ അനുവദിച്ചത് ഉയർത്തിക്കാട്ടിയായിരുന്നു മാർച്ച്. 4,000 കോടി രൂപയുടെ അഴിമതിയാണ് നടന്നതെന്നാണ് ആരോപണം.
ബെലഗാവി എംപിയും മുൻ മുഖ്യമന്ത്രിയുമായ ജഗദീഷ് ഷെട്ടാർ, മറ്റ് മുതിർന്ന ബിജെപി ഭാരവാഹികളായ സി ടി രവി, സി എൻ അശ്വത് നാരായൺ എന്നിവരും പാർട്ടി സംസ്ഥാന ഘടകം പ്രസിഡൻ്റ് ബി വൈ വിജയേന്ദ്രയ്‌ക്കൊപ്പം മാർച്ചിൽ പങ്കെടുത്തു.

പാർട്ടിയുടെ യുവജനവിഭാഗം സംസ്ഥാന പ്രസിഡൻ്റ് നിഖിൽ കുമാരസ്വാമിയുടെ നേതൃത്വത്തിൽ ജെഡിഎസ് പ്രവർത്തകർ പദയാത്രയിൽ ആവേശത്തോടെ പങ്കെടുത്തു.ഓഗസ്റ്റ് മൂന്നിന് ബെംഗളൂരുവിനടുത്തുള്ള കെങ്കേരിയിൽ ആരംഭിച്ച പദയാത്ര 132 കിലോമീറ്റർ പിന്നിട്ടു.
മുഡയിൽ നിന്ന് ലഭിച്ച 14 പ്ലോട്ടുകളും മറ്റുള്ളവർക്ക് നൽകിയ 400-500 പ്ലോട്ടുകളും തിരികെ നൽകണം. സിബിഐ അന്വേഷണം പൂർത്തിയാകും വരെ മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്നും പ്രതിപക്ഷ നേതാവ് ആർ അശോക് പറഞ്ഞു.















