ഐപിഎൽ മാതൃകയിൽ കേരള ക്രിക്കറ്റ് ലീഗിലേക്കുള്ള (കെസിഎൽ) താരലേലം ഇന്ന്. രാവിലെ 10 മണി മുതലാണ് തിരുവനന്തപുരം ഹയാത്ത് റീജന്‍സിയിലാണ് താരലേലം നടക്കുന്നത്. കളിക്കാരുടെ ലേലത്തിലേക്ക് 168 കളിക്കാരെയാണ് ക്രിക്കറ്റ് അസോസിയേഷന്‍ കണ്ടെത്തിയിട്ടുള്ളത്. ഇവരിൽ നിന്ന് 20 കളിക്കാരെ വീതം ഓരോ ടീം ഫ്രാഞ്ചൈസികളും ലേലത്തിലൂടെ കണ്ടെത്തും.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നീ ആറ് ജില്ലകളിൽ നിന്നുള്ള ടീമുകളാകും കളിക്കളത്തിലിറങ്ങുക. ഓരോ ടീമിന്റെയും പ്രധാന കളിക്കാരുടെ വിവരങ്ങൾ ഇതിനോടകം തന്നെ പുറത്തുവിട്ടിട്ടുണ്ട്. പ്രിയദർശനും കീർത്തി സുരേഷുമാണ് തിരുവനന്തപുരം ടീമായ ട്രിവാൻഡ്രം റോയൽസിന്റെ ഉടമകൾ. പി.എ അബ്ദുൾ ബസിഫാണ് പ്രധാന കളിക്കാരൻ.
ചലച്ചിത്ര നിർമാതാവും സംവിധായകനുമായ സോഹൻ റോയ് നയിക്കുന്ന കൊല്ലം സെയിലേഴ്സിന്റെ പ്രധാന കളിക്കാരൻ സച്ചിൻ ബേബിയാണ്. കൺസോൾ ഷിപ്പിംഗ് സർവീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ആലപ്പുഴ റിപ്പിൾസിന്റെ പ്രധാന കളിക്കാരനായി മുഹമ്മദ് അസറുദ്ദീനെയാണ് തെരഞ്ഞെടുത്തത്. ബേസിൽ തമ്പിയാണ് കൊച്ചി ബ്ലു ടൈഗേഴ്സിന്റെ പ്രധാന കളിക്കാരൻ. ഫൈൻസ് മാർക്കറ്റ് പ്രൈവറ്റ് ലിമിറ്റഡ് തൃശൂരിന്റെ ഉടമസ്ഥതയിലുള്ള തൃശൂർ ടൈറ്റനസിനെ വിഷ്ണു വിനോദ് നയിക്കും. ഇകെകെ ഇൻഫ്രാസ്ട്രക്ചർ നയിക്കുന്ന കാലിക്കറ്റ് ഗ്ലേബ്സ്ട്രേഴ്സാണ് കോഴിക്കോട് ടീമിനെ പ്രതിനിധീകരിക്കുന്നത്. രോഹൻ എസ് കുന്നുമലാണ് പ്രധാന കളിക്കാൻ.
മൂന്ന് വിഭാഗങ്ങളാക്കി തിരിച്ചാണ് ലേലം. ഐപിഎൽ, രഞ്ജി ട്രോഫി എന്നിവയിൽ കളിച്ചിട്ടുള്ളവരാണ് ഉയർന്ന തുകയുള്ള ‘എ’ വിഭാഗത്തിൽ ഉൾപ്പെടുന്നത്. രണ്ടു ലക്ഷം രൂപയാണ് ഇവരുടെ അടിസ്ഥാന പ്രതിഫലം. സി.കെ.നായിഡു, അണ്ടർ 23, അണ്ടർ 19 സ്റ്റേറ്റ്, അണ്ടർ 19 ചലഞ്ചേഴ്‌സ് മൽസരങ്ങളിൽ കളിച്ചിട്ടുള്ളവർ ഒരു ലക്ഷം രൂപ അടിസ്ഥാന പ്രതിഫലം വരുന്ന ‘ബി’ വിഭാഗത്തിൽ ഉൾപ്പെടും. അണ്ടർ 16 സ്റ്റേറ്റ്, യൂണിവേഴ്‌സിറ്റി കളിക്കാരും ക്ലബ് ക്രിക്കറ്റർമാരുമാണ് ‘സി’ വിഭാഗം. അൻപതിനായിരം രൂപയാണ് ഇവരുടെ അടിസ്ഥാന പ്രതിഫലം. അടിസ്ഥാന പ്രതിഫലമായി നിശ്ചയിട്ടുള്ളതിൽ കൂടുതൽ തുക ലേലത്തിൽ വാഗ്ദാനം ചെയ്യുന്ന ടീമിന് താരങ്ങളെ സ്വന്തമാക്കാവുന്നതാണ്.
ബിസിസിഐയുടെയും കേരള ക്രിക്കറ്റ് അസോസിയേഷന്റെയും നേതൃത്വത്തിലാണ് കെസിഎൽ സംഘടിപ്പിക്കുന്നത്. സെപ്റ്റംബര്‍ രണ്ട് മുതല്‍ 19 വരെ തിരുവനന്തപുരത്ത് ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലെ സ്പോർട്സ് ഹബ്ബിലാണ് മല്‍സരങ്ങള്‍ നടക്കുക. ഒരോ ദിവസവും പകലും രാത്രിയുമായി രണ്ട് കളികളാണ് ഉണ്ടാകുക.
കേരള ക്രിക്കറ്റ് ലീഗ് ഒഫിഷ്യല്‍ ലോഞ്ചിംഗ് ഈ മാസം 31-ന് ഉച്ചയ്‌ക്ക് 12-ന് ഹയാത്ത് റീജന്‍സിയില്‍ ക്രിക്കറ്റ് ലീഗ് ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയായ നടന്‍ മോഹന്‍ലാല്‍ നിര്‍വഹിക്കും. ഇന്നലെ കെസിഎല്ലിന്റെ ലോഗോ സഞ്ജു സാംസൺ പ്രകാശനം ചെയ്തിരുന്നു.