വയനാട്: ഉരുളെടുത്ത പ്രദേശങ്ങളിൽ സന്ദർശനം നടത്തുന്നതിനും, ദുരിതബാധിതർക്ക് കരുത്ത് പകരുന്നതിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൽപ്പറ്റയിലെത്തി. കണ്ണൂർ വിമാനത്താവളത്തിലിറങ്ങിയ പ്രധാനമന്ത്രി ഹെലികോപ്റ്ററിലാണ് വയനാട്ടിലെത്തിയത്. ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ- ചൂരൽമല മേഖലയിൽ അദ്ദേഹം വ്യോമ നിരീക്ഷണം നടത്തി.
വ്യോമനിരീക്ഷണം പൂർത്തിയാക്കിയ ശേഷം കൽപ്പറ്റ എസ്‌കെഎംജെ സ്‌കൂൾ ഗ്രൗണ്ടിലാണ് പ്രധാനമന്ത്രി വന്നിറങ്ങിയത്. ഇവിടെ നിന്നും റോഡ് മാർഗം അദ്ദേഹം ദുരന്ത ഭൂമിയിലേക്ക് പോകും. ചൂരൽമലയിലാണ് ആദ്യം സന്ദർശനം നടത്തുന്നത്.
ദുരന്തഭൂമിയിലെത്തുന്ന പ്രധാനമന്ത്രി സൈന്യം നിർമിച്ച ബെയ്‌ലി പാലത്തിലെത്തും. ശേഷം ദുരന്തം അതിജീവിച്ചവർക്ക് സാന്ത്വനം പകരാനായി ദുരിതിതാശ്വാസ ക്യാമ്പിലുമെത്തും. ഉരുൾപൊട്ടലിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ കിടക്കുന്നവരെയും പ്രധാനമന്ത്രി കാണും.
ദുരന്തത്തിൽ മാതാപിതാക്കളെയും സഹോദരിയെയും നഷ്ടപ്പെട്ട 8 വയസുകാരി അവന്തികയുടെ വീട്ടിലും അദ്ദേഹം സന്ദർശനം നടത്തും. അമ്മൂമ്മയ്‌ക്കൊപ്പമാണ് അവന്തിക ഇപ്പോൾ താമസിക്കുന്നത്. കഴുത്തറ്റം മണ്ണിൽ കുടുങ്ങി ജീവിതത്തിലേക്ക് തിരിച്ചെത്തിയ അരുണിനേയും പ്രധാനമന്ത്രി സന്ദർശിക്കും.
കൽപറ്റയിലെത്തിയ പ്രധാനമന്ത്രിയെ ബിജെപി അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, മന്ത്രിമാർ, എംഎൽഎമാർ തുടങ്ങിയ നേതാക്കൾ ചേർന്ന് സ്വീകരിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും മുഖ്യമന്ത്രിയും ഗവർണറും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. വയനാടിന് ആശ്വാസം പകരാൻ എത്തിയ പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് സങ്കടം അറിയിക്കാൻ നിരവധി പ്രദേശവാസികളായിരുന്നു കൽപറ്റയിലെത്തിയത്.















