ന്യൂഡൽഹി : ന്യൂയോർക്കിൽ നടക്കുന്ന ഇന്ത്യാ ദിന പരേഡിൽ അയോദ്ധ്യ രാമക്ഷേത്രത്തിന്റെ മാതൃക ഉൾപ്പെടുത്തുന്നതിനെ എതിർത്ത് ഇടത് എഴുത്തുകാരും , ഇസ്ലാമിസ്റ്റുകളും . രാമക്ഷേത്രം ഹിന്ദു മേൽക്കോയ്മ പ്രത്യയശാസ്ത്രത്തിന്റെ സ്മാരകമാണെന്നും , ലോകരാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യയെ ഹിന്ദു വംശീയ രാഷ്‌ട്രമായി കാട്ടുമെന്നുമാണ് ഇന്ത്യൻ അമേരിക്കൻ മുസ്ലീം കൗൺസിലിന്റെ പ്രസിഡന്റ് മുഹമ്മദ് ജവാദ് പറഞ്ഞത്.
” അയോദ്ധ്യ രാമക്ഷേത്രം ഒരു മുസ്ലീം വിരുദ്ധ ചിഹ്നമാണ്, രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ ആഘോഷിച്ചവർക്ക് ഇതിനെക്കുറിച്ച് വളരെയധികം അറിയാം .ന്യൂയോർക്ക് പോലുള്ള ഒരു നഗരത്തിൽ ഇത് പ്രദർശിപ്പിക്കാൻ ഞങ്ങൾ അനുവദിക്കില്ല “ എന്നാണ് ജവാദിന്റെ വെല്ലുവിളി.
ആഗസ്റ്റ് 18ന് ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന പരേഡിൽ നിന്ന് അയോദ്ധ്യ ഫ്ലോട്ട് നീക്കം ചെയ്യണമെന്നാണ് ഇസ്ലാമിസ്റ്റുകളുടെ ആവശ്യം . കൗൺസിൽ ഓൺ അമേരിക്കൻ ഇസ്‌ലാമിക് റിലേഷൻസ് (കെയർ), ന്യൂയോർക്ക് സ്റ്റേറ്റ് കൗൺസിൽ ഓഫ് ചർച്ചസ്, ജെനോസൈഡ് വാച്ച് തുടങ്ങിയ നിരവധി സംഘടനകൾ ഇതിനായി ന്യൂയോർക്ക് ഗവർണർ കാത്തി ഹോൾചുളിന് കത്ത് നൽകിയിട്ടുമുണ്ട്.ഹിന്ദു വലതുപക്ഷത്തിന്റെ പോരാളിയാണ് ശ്രീരാമൻ എന്നാണ് ഇസ്ലാം സംഘടനകളുടെ കത്തിൽ പറയുന്നത്.
ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻസാണ് വാർഷിക പരിപാടിയായ ഇന്ത്യ ഡേ പരേഡ് സംഘടിപ്പിക്കുന്നത്. 18 അടി നീളവും ഒമ്പതടി വീതിയും എട്ടടി ഉയരവുമുള്ളതായിരിക്കും ക്ഷേത്രമാതൃക.
വിശ്വഹിന്ദു പരിഷത്ത് ഓഫ് അമേരിക്ക (വിഎച്ച്പിഎ) ജനറൽ സെക്രട്ടറി അമിതാഭ് മിത്തലാണ് ക്ഷേത്രമാതൃകയുടെ നിർമ്മാണത്തിന് ചുക്കാൻ പിടിക്കുന്നത് . അമേരിക്കയിൽ ഇതാദ്യമായാണ് രാമക്ഷേത്രത്തിന്റെ ടാബ്‌ലോ പ്രദർശിപ്പിക്കുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തിലെ ഏറ്റവും വലിയ ആഘോഷമാണ് ന്യൂയോർക്കിലെ ഇന്ത്യാ ഡേ പരേഡ്















