പാരിസ്; യൂറോ കപ്പിന് പിന്നാലെ ഫുട്‌ബോളിൽ ഒളിമ്പിക്‌സ് സ്വർണവും സ്വന്തമാക്കി സ്‌പെയിൻ. ആതിഥേയരായ ഫ്രാൻസിനെ 3 നെതിരെ അഞ്ച് ഗോളുകൾക്ക് തകർത്താണ് സ്‌പെയിനിന്റെ വിജയം. നിശ്ചിത സമയത്ത് ഇരുടീമുകളും മൂന്ന് ഗോളുകൾ വീതം നേടി സമനില പാലിച്ചു. ഒടുവിൽ എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട പോരാട്ടത്തിലാണ് സ്‌പെയിൻ വിജയം നേടിയത്.
സബ്‌സിറ്റിറ്റിയൂട്ടായി ഇറങ്ങി എക്്‌സ്ട്രാ ടൈമിൽ സെർജിയോ കാമെല്ലോ നേടിയ ഇരട്ടഗോളാണ് സ്‌പെയിന് വിജയം സമ്മാനിച്ചത്. പതിനൊന്നാം മിനിറ്റിൽ മിലാറ്റെയിലൂടെ ലീഡ് നേടിയെങ്കിലും ഏഴ് മിനിറ്റിനുളളിൽ സ്‌പെയിൻ സമനില പിടിച്ചു. 25 ാം മിനിറ്റിൽ ഫെർമിനിലൂടെയും 28 ാം മിനിറ്റിൽ അലക്‌സ് ബനേയയിലൂടെയും സ്‌പെയിൻ ലീഡ് ഉയർത്തി.
തിരിച്ചടിക്കാൻ ഫ്രാൻസ് കിണഞ്ഞു പരിശ്രമിച്ചെങ്കിലും വിജയിച്ചില്ല. 79 ാം മിനിറ്റ് വരെ 3-1 ന് സ്‌പെയിൻ ആധിപത്യം നിലനിർത്തി. അക്ലൗച്ചെ നേടിയ ഗോളിലൂടെയാണ് ഫ്രാൻസ് കളിയിലേക്ക് തിരിച്ചെത്തിയത്.
32 വർഷത്തിന് ശേഷമാണ് ഒളിമ്പിക്‌സ് ഫുട്‌ബോളിൽ സ്‌പെയിൻ വീണ്ടും സ്വർണമണിയുന്നത്. ടോക്കിയോ ഒളിമ്പിക്‌സിന്റെ ഫൈനലിൽ ബ്രസീലിനോട് പരാജയപ്പെട്ടതിന്റെ വേദന കൂടിയാണ് ഈ സ്വർണനേട്ടത്തോടെ സ്‌പെയിൻ മറികടന്നത്. 1992 ൽ ബാഴ്‌സലോണ ഒളിമ്പിക്‌സിലാണ് ഇതിന് മുൻപ് സ്‌പെയിൻ ഫുട്‌ബോളിൽ സ്വർണം നേടിയത്.
പുരുഷവിഭാഗം ഫുട്‌ബോളിൽ സ്‌പെയിനിന്റെ രണ്ടാം ഒളിമ്പിക്‌സ് സ്വർണമാണിത്. കഴിഞ്ഞ മാസമാണ് യൂറോ കപ്പിൽ സ്‌പെയിൻ കിരീടം നേടിയത്. ഈ ഒളിമ്പിക്‌സിലെ സ്‌പെയിനിന്റെ അഞ്ചാം മെഡലാണിത്.