കൊൽക്കത്ത: ബംഗാളിലെ സർക്കാർ ആശുപത്രിയിൽ പിജി വിദ്യാർത്ഥിനിയായ വനിതാ ഡോക്ടറുടെ അർദ്ധനഗ്ന മൃതദേഹം കണ്ടെത്തി. ആശുപത്രിയുടെ സെമിനാർ ഹാളിലാണ് മൃതദേഹം കിടന്നിരുന്നത്. 28കാരിയായ വിദ്യാർത്ഥിനി ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്നും ആക്രമിച്ച ശേഷം കൊലപ്പെടുത്തിയതാണെന്നുമാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്.
യുവതിയുടെ ശരീരത്തിൽ നിരവധി മുറിവുകളുണ്ട്. കഴുത്തിലെ എല്ലൊടിഞ്ഞ് ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. സ്വകാര്യ ഭാഗങ്ങളിലും കണ്ണുകളിലും വായയിലും രക്തത്തിന്റെ പാടുകളുണ്ട്. വയറിലും കാലിലുമുൾപ്പെടെ മുറിവുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു. ആർജി കാർ മെഡിക്കൽ കോളേജ് റെസ്പിറേറ്ററി വിഭാഗത്തിലെ രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് കൊല്ലപ്പെട്ട വിദ്യാർത്ഥി.
ഇന്നലെ പുലർച്ചെയോടെയായിരുന്നു സംഭവം. ഹാളിലെത്തിയ സെക്യൂരിറ്റി ജീവനക്കാരനാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. തന്റെ മകൾക്ക് നീതി ലഭിക്കണമെന്നും ആക്രമിച്ചവരെ കണ്ടെത്തണമെന്നും ഇരയുടെ മാതാപിതാക്കൾ പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.















