” പ്രകൃതി സംരക്ഷണം ഒരുക്കിയിടം തന്നെ പ്രകൃതി കൊണ്ടുപോയി. എന്റെ മക്കളെയെല്ലാം ഉരുളെടുത്തു. ഇനി ഞങ്ങൾ എന്ത് ചെയ്യാനാ?” നെഞ്ച് പിടഞ്ഞ് ഉണ്ണിമാഷ് ഇക്കാര്യങ്ങൾ പറയുമ്പോൾ അദ്ദേഹത്തിന്റെ അതേ ചങ്കിടിപ്പോടെയാണ് കേരളക്കര ആ വാർത്ത കേട്ടതും കണ്ടതും. ദുരന്ത ഭൂമിയിൽ പ്രധാനമന്ത്രി എത്തിയപ്പോൾ ആദ്യം സന്ദർശിച്ചതും ഉണ്ണിമാഷിന്റെയും കുട്ടികളുടെയും വെള്ളാർമല സ്‌കൂൾ തന്നെ..
വിദ്യാലയത്തിലെത്തിയ പ്രധാനമന്ത്രി സ്ഥിതിഗതികൾ വിലയിരുത്തി. ധാരാളം പാവപ്പെട്ട വിദ്യാർത്ഥികളും, തോട്ടം തൊഴിലാളികളുടെ മക്കളും, സാധാരണക്കാരുടെ മക്കളും പഠിച്ചിരുന്ന സ്‌കൂളായിരുന്നു വെള്ളാർമല സ്‌കൂൾ. ഇവിടെത്തിയ പ്രധാനമന്ത്രി സ്‌കൂളിന്റെ തകർന്ന കെട്ടിടങ്ങളും ക്ലാസ് മുറികളും കണ്ട് ഉദ്യോഗസ്ഥരോട് വിവരങ്ങൾ തിരക്കി.
സ്‌കൂളിൽ എത്ര വിദ്യാർത്ഥികളുണ്ടായിരുന്നുവെന്നും എത്ര പേർ മരണപ്പെട്ടുവെന്നും തുടങ്ങി നിരവധി കാര്യങ്ങൾ അദ്ദേഹം ചോദിച്ചറിഞ്ഞു. സ്‌കൂളിനെ കുറിച്ചുള്ള വിശദമായ അവലോകനം നടത്തിയാണ് പ്രധാനമന്ത്രി ബെയ്‌ലി പാലത്തിലേക്ക് നടന്നു നീങ്ങിയത്.















