ലക്‌നൗ: ഉത്തർ പ്രദേശിനെ ഭീതിയിലാഴ്‌ത്തിയ സാരി സീരിയൽ കില്ലറെ പൊലീസ് വലയിലാക്കിയത് ഒരു കൊല്ലത്തെ കഷ്ടപ്പാടിനൊടുവിൽ. 22 പൊലീസ് സംഘങ്ങൾ ഒരുവർഷത്തിനിടെ നടത്തിയത് 150 പരിശോധനകളായിരുന്നു. ഒന്നര ലക്ഷത്തളോം മൊബൈൽ നമ്പർ പരിശോധിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്നൊരു വാർ റൂം സജ്ജമാക്കി.
കൊലപാതകി പിന്തുടർന്നിരുന്ന പാറ്റേണും സമാന രീതിയുമാണ് സീരിയൽ കില്ലിംഗ് എന്ന സംശയം പൊലീസിൽ ജനിപ്പിച്ചത്. ഓപ്പറേഷൻ തലാഷിന് രൂപം നൽകിയാണ് പ്രതി കുൽദീപ് കുമാർ ഗ്യാങ്വാറിനെ പിടികൂടിയത്. ഇരകളെ കൊലപ്പെടുത്തിയ ശേഷം അവരുടെ വസ്തുക്കൾ ട്രോഫി പോലെ സൂക്ഷിക്കുന്നത് ഇയാളുടെ രീതിയായിരുന്നു. അത് അവരുടെ ലിപ്സ്റ്റിക്കും പൊട്ടും തിരിച്ചറിയൽ രേഖയും അടക്കമുള്ളവയാണ്. ഇത്തരം സാധനങ്ങൾ പിന്നീട് പൊലീസ് കണ്ടെത്തി.
ഏറെ പീഡനങ്ങൾ ഏൽക്കേണ്ടിവന്ന കുട്ടിക്കാലമാണ് പ്രതിക്കുള്ളതെന്ന് പൊലീസ് പറയുന്നു. രണ്ടാനമ്മയുടെ മാനസികവും ശാരീരികവുമായ പീഡനങ്ങൾ അയാളുടെ മനസിൽ സ്ത്രീകളെ ക്രൂരകളായി ചിത്രീകരിക്കുന്നതിന് കാരണമായി. ഇതിൽ നിന്ന് ഉടലെടുത്ത പകയാണ് കുൽദീപിനെ സൈക്കോ കില്ലറാക്കി മാറ്റിയത്.
വയലുകളിലും വനങ്ങളിലും തനിച്ചാവുന്ന സ്ത്രീകളെയാണ് ഇയാൾ ലക്ഷ്യമിട്ടിരുന്നത് അവരോട് ലൈംഗികാതിക്രമത്തിന് മുതിരും. സ്ത്രീകൾ എതിർക്കുമ്പോൾ അക്രമാസക്തനാകുന്ന പ്രതി അവരെ കഴുത്ത് ഞെരിച്ച് കൊല്ലും. കഴിഞ്ഞ 13 മാസത്തിനിടെ ഈ മേഖലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 11 കൊലപാതകങ്ങളിൽ 9 എണ്ണത്തിന് പിന്നിലും കുൽദീപാണ്.
അമ്മയും രണ്ട് സഹോദരിമാരും മരിച്ചതിനെ തുടർന്ന് പിതാവ് മറ്റൊരു വിവാഹം കഴിച്ചതായി ചോദ്യം ചെയ്യലിൽ ഗംഗ്വാർ പൊലീസിനോട് പറഞ്ഞു. “എന്റെ രണ്ടാനമ്മ എപ്പോഴും എന്നെ തല്ലുമായിരുന്നു, ഞാൻ അവളെ വെറുത്തു. ഞാൻ 2014 ൽ വിവാഹിതനായി, പക്ഷേ എന്റെ ഭാര്യ എന്നെ ഒരു അടിമയാക്കി ഉപേക്ഷിച്ചു. ഇതോടെ സ്ത്രീകളെ അങ്ങേയറ്റം വെറുത്തു. അതുകൊണ്ടാണ് അവരെ ഓരോന്നായി ഇല്ലാതാക്കാൻ ഞാൻ തീരുമാനിച്ചത്, ”പ്രതി പൊലീസിനോട് പറഞ്ഞു.
പൊലീസ് പലപ്പോഴും കുറ്റവാളികളെ അവരുടെ ഫോൺ ലൊക്കേഷൻ ഉപയോഗിച്ച് കണ്ടെത്താറുണ്ടെന്ന് തനിക്ക് അറിയാമെന്നും അതിനാൽ താൻ ഒരിക്കലും സെൽഫോണോ സോഷ്യൽ മീഡിയയോ ഉപയോഗിച്ചിട്ടില്ല. “ഞാൻ എപ്പോഴെങ്കിലും ഒരു കൊലപാതകത്തിന് പുറപ്പെടുമ്പോൾ, ആരും സമീപത്തില്ലെന്ന് ഉറപ്പാക്കും, ആരെങ്കിലും എന്നെ കണ്ടാൽ, അന്ന് ഞാൻ കൊലപാതകം ഒഴിവാക്കും,” ചോദ്യം ചെയ്യലിനിടെ കുൽദീപ് പൊലീസിനോട് പറഞ്ഞു.
സ്ത്രീകളെ കഴുത്ത് ഞെരിച്ച് കൊന്നതിന് ശേഷം സാരിയിട്ട് ഞെരിക്കുന്നത് എന്തിനെന്ന് ചോദിച്ചപ്പോൾ, അവർ രക്ഷപ്പെടാൻ സാധ്യതയില്ലെന്ന് ഉറപ്പാക്കാനെന്നായിരുന്നു മറുപടി. ജൂലായ് 2നാണ് പരമ്പരയില അവസാന കൊല നടന്നത്. അനിതയെന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഈ സംഭവത്തിലെ ദൃക്സാക്ഷിയുടെ മൊഴിയാണ് രേഖ ചിത്രത്തിലേക്ക് നയിച്ചത്. ഇതാണ് പിന്നീട് നിർണായകമായത്.
രേഖാചിത്രങ്ങളുടെയും സിസിടിവി ക്യാമറ ദൃശ്യങ്ങളുടെയും സഹായത്തോടെയാണ് കുമാറിനെ പിടികൂടിയതെന്ന് സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ് (എസ്എസ്പി) അനുരാഗ് ആര്യ പറഞ്ഞു. ഏറ്റവും ഒടുവിലത്തെ ഇര, ഹൗജ്പൂർ ഗ്രാമത്തിൽ നിന്നുള്ള അനിതാ ദേവിയുടെ മൃതദേഹം ജൂലായ് 2നും ആദ്യത്തെ ഇര ഖജൂരിയ ഗ്രാമത്തിൽ നിന്നുള്ള കുസ്മയുടെ ജഡം ഒരു വർഷം മുമ്പ് ജൂലായ് 22 നുമാണ് കണ്ടെത്തുന്നത്.