വയനാട്: വയനാട് ദുരന്തത്തിൽ ഒറ്റ രാത്രികൊണ്ട് അനാഥനായി മാറിയ പത്താം ക്ലാസ്സുകാരൻ മുഹമ്മദ് ഹാനിയെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരിത ബാധിതരെ നേരിൽ കാണാനെത്തിയ പ്രധാനമന്ത്രിക്ക് മുന്നിൽ കാര്യങ്ങൾ വിവരിക്കുമ്പോൾ ഹാനിയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. തന്റെ മുന്നിൽ വിതുമ്പിയ ഹാനിയെ പ്രധാനമന്ത്രി ചേർത്ത് നിർത്തി തോളിൽ തട്ടി ആശ്വസിപ്പിച്ചു. തലയിൽ കൈവച്ച് കൂടെയുണ്ടെന്ന് ഉറപ്പ് നൽകി.
മേപ്പാടി സെന്റ് ജോസഫ് സ്കൂളിലെ ക്യാമ്പിലെത്തിയ പ്രധാനമന്ത്രി ആദ്യം കണ്ടത് ഉരുൾപൊട്ടലിൽ രക്ഷിതാക്കളെ നഷ്ടപ്പെട്ട 16 കാരൻ മുഹമ്മദ് ഹാനിയെയും 14 കാരി ലാവണ്യയെയുമാണ്. വെള്ളാർമല ഗവ: വിഎച്ച്എസ് സിയിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ഹാനി. ഹാനിയുടെ കുടുംബത്തിലെ 9 പേരെയാണ് ഉരുളെടുത്തത്. ഉമ്മയും ഉപ്പയും സഹോദരങ്ങളും ഉമ്മുമ്മയുമൊക്കെ അടങ്ങുന്ന കുടുംബം. ഉരുൾപൊട്ടിയ രാത്രി ഉമ്മുമ്മയ്‌ക്കൊപ്പം ഉറങ്ങാൻ കിടന്ന ഹാനിക്ക് പിന്നീട് നടന്നതൊക്കെ ഓർത്തെടുത്തു വിവരിക്കുമ്പോൾ ശബ്ദമിടറും. കണ്മുന്നിൽ ഉറ്റവരെ ഉരുൾഎടുത്തപ്പോൾ എന്തുചെയ്യണമെന്നറിയാതെ നിസഹായനായി നിൽക്കേണ്ടി വന്നു. മനോധൈര്യം വീണ്ടെടുത്ത് രണ്ടു ജീവനുകളെ ഹാനി ജീവിതത്തിലേക്ക് പിടിച്ചു കയറ്റി.എഴുപതുകാരിയായ ഉമ്മുമ്മ ആയിഷയേയും ബാപ്പയുടെ അനിയന്റെ മകൾ നാലുവയസ്സുകാരി സിദാറത്തുൽ മുത്തഹയേയും.
‘ദുരന്തത്തിൽ തകർന്ന സ്കൂൾ പുതുക്കി പണിയണം, അവിടെ പഠിക്കണം’ ഇതായിരുന്നു തന്നെ അഭിനന്ദിക്കാനും ആശ്വസിപ്പിക്കാനുമെത്തിയ മന്ത്രിമാരോട് ഹാനിക്ക് പറയാനുണ്ടായിരുന്നത്. ഹാനിയുടെ ഭാവി പ്രതീക്ഷകൾക്ക് കരുത്ത് പകരുന്നതായിരുന്നു പ്രധാനമന്ത്രിയുടെ ഇന്നത്തെ സന്ദർശനം. ഒപ്പമുണ്ടെന്ന അദ്ദേഹത്തിന്റെ വാക്കുകൾ ആ 16 കാരന് ജീവിതം വീണ്ടും കെട്ടിപ്പടുക്കാനുള്ള പ്രതീക്ഷ കൂടിയാണ് .